സൂറിലെ പ്രവാസ മണ്ണിൽനിന്ന് എ.കെ. സുനിൽ നാട്ടിലേക്ക് മടങ്ങുന്നു
സൂർ : ഇരുപത് വർഷത്തെ സൂറിലെ പ്രവാസ ജീവിതത്തിനൊടുവിൽ എ.കെ സുനിൽ നാട്ടിലേക്കു തിരിച്ചു പോകുന്നു. സൂറിലെയും പരിസര പ്രദേശത്തെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ തന്റെ ചെറിയ കാലയളവിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ചാണ് സുനിലിന്റെ നാട്ടിലേക്കുള്ള മടക്കം.
സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സ്ഥാപകാംഗം, വിവിധ കാലങ്ങളായി സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യൻ സ്‌കൂൾ മാനേജ്‌മന്റ് കമ്മിറ്റിയംഗം, മലയാളം മിഷൻ കമ്മിറ്റിയംഗം തുടങ്ങി നിരവധി പ്രവാസി കൂട്ടായ്മകളിലെ നിറസാന്നിധ്യമായി പ്രവൃത്തിച്ചുവരികയായിരുന്നു. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ ഷിഫ്റ്റ് മാനേജർ ആയാണ് തൊഴിലിടത്തിൽനിന്ന് വിരമിക്കുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പ്രവാസിയാകാൻ ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്യാതിരുന്ന സുനിൽ , തികച്ചും യാദൃശ്ചികമായാണ് പ്രവാസിക്കുപ്പായം അണിയുന്നത്. തൃശൂർ സെന്റ് തോമസ് കോളജിൽ പ്രീ-ഡിഗ്രി പഠിക്കുന്ന കാലം. അത്യാവശ്യം സാമൂഹ്യ പ്രവർത്തനവും രാഷ്ട്രീവുമായി കോളജിൽ സജീവം. ഒരു ദിവസം കോളജ് വാർഡൻ, മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകനായ തന്റെ അച്ഛന്റെ മുന്നിൽ വെച്ച്, എന്താണ് ഭാവി പരിപാടി എന്ന് ദേഷ്യത്താടെയും കുറച്ചധികം പരിഹാസത്തോടെയും ഒരു ചോദ്യമുന്നയിച്ചു.
അപ്പോൾ വെറുതെ തോന്നിയ ഒരാവേശത്തിന് ‘എൻട്രൻസ് എഴുതണം’ എന്നാണ് പറഞ്ഞു പോയത്. അപ്പോൾ അതിനേക്കാൾ പരിഹാസത്തോടെയും പുച്ഛത്തോടെയും വാർഡന്റെ മറുപടി: ‘‘അതൊക്കെ പഠിക്കുന്ന കുട്ടികൾക്ക് പറഞ്ഞതാണ്, നിന്നെ പോലെയുള്ള അലവലാതികൾക്കു പറഞ്ഞിട്ടുള്ളതല്ല’’. പിന്നെ അച്ഛനോടായി ‘താങ്കളുടെ മകൻ ഗുരുത്വം പിടിക്കില്ല’ എന്ന ഡയലോഗും.
താൻ അപമാനിതയതിനേക്കാൾ, പൗര പ്രമുഖനായ അച്ഛൻ അപമാനിതനായതിലുള്ള വാശിയിലാണ് എൻട്രൻസ് എഴുതുന്നതും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എഴുപതാം റാങ്കോടെ വിജയിക്കുന്നതും. ഇഷ്ട വിഷയം കെമിസ്ട്രിയായിരുന്നു. ഫാറൂഖ് കോളജിൽ ബി.എസ്സി കെമിസ്ട്രിയിൽ പഠനം തുടങ്ങിയെങ്കിലും അതവസാനിപ്പിച്ച് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ കെമിക്കൽ എൻജിനീയറിങ്ങിന് ചേർന്നു.
പഠനം കഴിഞ്ഞ് ഇഫ്കോയിൽ ജോലി കിട്ടി. അതിനിടെ ഇന്ത്യയും ഒമാനും സംയുക്ത സംരംഭമായി ഒമാനിൽ ഇഫ്‌കോയുടെ മേൽ നോട്ടത്തിൽ സൂറിൽ ഒ.എം ഇഫ്കോ ആരംക്കുന്നത്. അങ്ങനെ സൂറിലെത്തി. തിരക്ക് പിടിച്ച ഔദ്യോഗിക ജോലി തിരക്കിനിടയിലും സാധാരണക്കാരുടെ പ്രശ്ങ്ങൾക്കായി വിവിധ കൂട്ടായ്മകളുടെ ഭാഗമായുള്ള നിരന്തര പ്രവർത്തങ്ങളിൽ സജീവമായി. തലശേരി സ്വദേശിനിയും അധ്യാപികയുമായ മീരയാണ് ഭാര്യ. മക്കൾ: ഋതിക, അദ്വിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.