അൽ ഗുബ്ര ബ്രിഡ്ജ് പദ്ധതി; വിശദീകരണവുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി
മസ്‌കത്ത്: അൽ ഗുബ്രയിൽ സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി. നിലവിൽ നടക്കുന്ന പദ്ധതിയുടെ ഉടമസ്ഥരോ അത് നേരിട്ട് നടപ്പാക്കുന്നവരോ മുൻസിപ്പാലിറ്റിയല്ലെന്നും, പദ്ധതിയുടെ മേൽനോട്ട ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ ഗതാഗത നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട തങ്ങളുടെ അധികാരപരിധിയിൽ നിന്നുള്ള മേൽനോട്ടം മാത്രമാണ് മുൻസിപ്പാലിറ്റി നിർവഹിക്കുന്നത്. സ്വകാര്യ വികസന കമ്പനികൾ നടത്തുന്ന ഇത്തരം പദ്ധതികളുടെ പൂർണമായ നടത്തിപ്പ് ചുമതലയും ഉത്തരവാദിത്തവും അതിന്റെ ഉടമസ്ഥർക്കും ഡെവലപ്പർമാർക്കുമാണ്. പ്രത്യേക കൺസൾട്ടൻസി ഓഫീസുകളുമായും നിർമാണ കമ്പനികളുമായും കരാറിലേർപ്പെട്ടാണ് അവർ ജോലി പൂർത്തിയാക്കുന്നത്. മുൻസിപ്പാലിറ്റിയുടെ പ്രത്യേക വകുപ്പുകൾ നൽകുന്ന സാങ്കേതിക അനുമതികൾക്കും നിബന്ധനകൾക്കും വിധേയമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ നിർമാണ ഘട്ടത്തിൽ ചില സാങ്കേതിക തടസ്സങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മുൻസിപ്പാലിറ്റിയുടെ ഈ വിശദീകരണം. വാണിജ്യ കെട്ടിടത്തെ നിലവിലുള്ള പാലവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ഉയരവ്യത്യാസങ്ങളും പുതിയ നിർമ്മിതികളും പഴയ ഘടനയും തമ്മിൽ കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുമാണ് നിലവിൽ നേരിടുന്നത്. ഇത് നിർമാണ പ്രവൃത്തിയെ ബാധിച്ചതായും ആവശ്യമായ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ചില സാങ്കേതിക വശങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.
പദ്ധതി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഡെവലപ്പർ, പ്രൊജക്റ്റ് ഉടമ, സൂപ്പർവൈസിംഗ് കൺസൾട്ടന്റ് എന്നിവരുമായി മുൻസിപ്പാലിറ്റി ചർച്ചകൾ നടത്തിവരികയാണ്. പദ്ധതിയുടെ പ്ലാനുകളും ഭൂപടങ്ങളും പുനഃപരിശോധിച്ചു വരികയാണെന്നും നിലവിലെ പ്രശ്നങ്ങൾക്ക് അനുയോജ്യമായ സാങ്കേതിക പരിഹാരം കണ്ടെത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഈ പരിശോധനകൾ പൂർത്തിയാകുന്നതോടെ, ആവശ്യമായ സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി പുതുക്കിയ സമയക്രമമനുസരിച്ച് നിർമാണ ജോലികൾ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.