ജർമൻ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിക്ക് മടങ്ങുന്നു

സഹകരണങ്ങൾ വർധിപ്പിച്ച് സുൽത്താൻ ജർമനിയിൽനിന്ന് മടങ്ങി

മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം വർധിപ്പിച്ചും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും സുൽത്താൻ ഹൈതം ബിൻ താരിക്കിന്‍റെ ജർമൻ സന്ദർശനത്തിന് സമാപനമായി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിലെത്തിയ സുൽത്താന് ഊഷ്മളമായ വരവേൽപ്പായിരുന്നു ലഭിച്ചത്. സന്ദർശനവേളയിൽ ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ , ചാൻസലർ ഒലാഫ് ഷോൾസുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും, അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു. റോയൽ ഓഫിസ് മന്ത്രി ജന. സുൽത്താൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവൻ ഡോ. ഹമദ് സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു മന്ത്രി എൻജി. സലിം നാസർ അൽ ഔഫി, പ്രൈവറ്റ് ഓഫിസിലെ ഉപദേഷ്ടാവ് സയ്യിദ് ഡോ. സുൽത്താൻ യാറൂബ് അൽ ബുസൈദി തുടങ്ങിയ സംഘവും സുൽത്താനെ അനുഗമിച്ചിരുന്നു.

സുൽത്താൻ ഹൈതം ബിൻ താരിക്കിന്‍റെ ജർമൻ സന്ദർശനം ചരിത്രപരവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിടുന്നതുമാണെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാൻ ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജർമൻ പ്രസിഡന്‍റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ, ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായി സുൽത്താൻ നടത്തിയ കൂടിക്കാഴ്ചയിൽ വിശാലമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഊർജം, ഹരിത ഹൈഡ്രജൻ, ഗതാഗതം, വിദ്യാഭ്യാസം, ഭക്ഷണം, വെള്ളം, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഭാവിയിൽ സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Sultan returned from Germany with increased cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.