മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള പാതകൾ രൂപപ്പെടുത്തുന്നതുമായ കാര്യങ്ങൾ ചർച്ച ചെയ്തു.
നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപത്രി ഭവനിൽ ഔദ്യോഗിക സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ഔദ്യോഗിക ചടങ്ങുകളൊടെയാണ് രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചത്. ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു.
സുൽത്താനെ വഹിച്ചുള്ള വഹനം രാഷ്ട്രപതി ഭവന്റെ കവാടത്തിൽ പ്രവേശിച്ചപ്പോൾ അഭിവാദ്യമർപ്പിച്ച് പീരങ്കികൾ ഇരുപത്തിയൊന്ന് റൗണ്ട് വെടിയുതിർത്തു. സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. ഉന്നതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.