ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മാഡ്രിഡിലെ സാർസുവേല പാലസിൽ
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് സ്പെയിൻ. സുൽത്താന്റെ സ്പെയിൻ സന്ദർശനവേളയിലാണ് ഒമാൻ സുൽത്താന് സ്പെയിനിന്റെ പരമോന്നത പൗരബഹുമതിയായ ‘ഓർഡർ ഓഫ് ഇസബെല്ല ദി കാതലിക്’ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ സമ്മാനിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനുമുള്ള പ്രതീകമായാണ് ഓർഡർ ഓഫ് ഇസബെല്ല ദി കാതലിക് ബഹുമതി ഒമാൻ സുൽത്താന് സ്പെയിൻ നൽകിയത്. ഒമാനും സ്പെയിനും തമ്മിലുള്ള സഹകരണബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സുൽത്താന്റെ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് ചടങ്ങിൽ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ ചൂണ്ടിക്കാട്ടി.
ചടങ്ങിനിടെ സുൽത്താനും ഫിലിപ്പ് ആറാമൻ രാജാവും തമ്മിൽ ഓർമപ്പതക്കങ്ങളും സമ്മാനങ്ങളും കൈമാറി. രാജാവിന് ഒമാനിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ അൽ സഈദ്’ സുൽത്താൻ സമ്മാനിച്ചു. ഇത് ഇരു രാജ്യങ്ങളുടെയും നേതാക്കന്മാരുടെ പരസ്പര ബഹുമാനത്തെയും സൗഹൃദത്തെയും പ്രതിനിധീകരിക്കുന്നതാണെന്ന് ചടങ്ങിൽ പറഞ്ഞു.
സ്പെയിൻ രാജ്ഞി ലെറ്റീഷ്യക്ക് ‘ഓർഡർ ഓഫ് ഒമാൻ - ഫസ്റ്റ് ക്ലാസ്’ ബഹുമതി സമ്മാനിച്ചു. ഒമാൻ-സ്പെയിൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നിരവധി സ്പാനിഷ് വ്യക്തികൾക്കും സുൽത്താൻ ഹൈതം ബിൻ താരിഖ് രാജബഹുമതികൾ കൈമാറി. സുൽത്താനോടൊപ്പം എത്തിയ ഒമാനിലെ ഉന്നതതല പ്രതിനിധി സംഘാംഗങ്ങൾക്കും ഫിലിപ്പ് ആറാമൻ രാജാവ് രാജബഹുമതികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.