സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ പുതുലോകം തീർത്ത് ഒമാൻ മുന്നേറുന്നു. 2020 ജനുവരി 11ന് സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി ചുമതലയേറ്റ് ഇന്നേക്ക് അഞ്ചാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിത്തെളിച്ചിരിക്കുകയാണ് സുൽത്താൻ. എണ്ണവിലയിലുണ്ടായ വർധന സാമ്പത്തിക രംഗത്ത് നവോൻമേഷമാണ് കഴിഞ്ഞ വർഷങ്ങളിൽ പകർന്നു നൽകിയത്.
സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിച്ചുകൊണ്ടാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. നവോത്ഥാനത്തിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്റെ ഉയർച്ചക്കും രോഗതിക്കുംവേണ്ടി പ്രവർത്തിക്കാൻ ഭരണമേറ്റെടുത്ത അന്നുതന്നെ സുൽത്താൻ ഒമാനിലെ പൗരൻമാരോട് ആഹ്വാനം ചെയ്തിരുന്നു.
സുൽത്താന്റെ നിസ്തുലമായ നേതൃപാഠവത്തോടൊപ്പം പൗരന്മാരുടെ പരിപൂർണ പിന്തുണയോടെ രാജ്യം വെല്ലുവിളികളെ നേരിട്ട് പുരോഗതിയുടെ പുത്തൻ പടവുകളിലേക്ക് നടന്നു കയറുകയാണ്. നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയടക്കമുള്ള വമ്പൻ പദ്ധതികൾ വരും കാലങ്ങളിൽ ഒമാന്റെ വികസനത്തിന്റെ തിലകക്കുറിയായി മാറും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കാനും എണ്ണ ഇതര വരുമാനം വർധിപ്പിക്കാനും സമ്പദ്വ്യവസ്ഥയുടെ ഉൽപാദന അടിത്തറ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളായിരുന്നു സുൽത്താൻ നടത്തിയിരുന്നത്.
ഈ ശ്രമങ്ങൾ ജി.ഡി.പി വളർച്ചയെ പിന്തുണക്കുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും കാരണമായി. ഇത് സമ്പദ്വ്യവസ്ഥയിൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ സാധിക്കുകയും ചെയ്തു.
രാജ്യത്തിന്റെ പൊതു ബജറ്റിലെ വരുമാനവും ചെലവും തമ്മിലുള്ള സാമ്പത്തിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുക, സാമ്പത്തിക കമ്മി കുറക്കുക എന്നീ പ്രധാന ലക്ഷ്യങ്ങളോടെ സർക്കാർ ഒരു ഇടക്കാല പദ്ധതി (2020-2024) ആരംഭിച്ചു. സാമ്പത്തിക വളർച്ചയെ പിന്തുണക്കുക, സർക്കാർ വരുമാന സ്രോതസ്സുകൾ സജീവമാക്കുക, വൈവിധ്യവൽക്കരിക്കുക, സർക്കാർ ചെലവുകളുടെ കാര്യക്ഷമത യുക്തിസഹമാക്കുക, ഉയർത്തുക, സാമൂഹിക സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പൊതു ധനകാര്യത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക സംരംഭങ്ങളും നയങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതായിരുന്നു.
വിവിധ മേഖലകളിലെ സാമ്പത്തിക വികസന ശ്രമങ്ങളിലും ജി.ഡി.പി വളർച്ചയിലും സ്വകാര്യ മേഖല പ്രധാന പങ്കാണ് വഹിക്കുന്നത്, പ്രത്യേകിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായി ആശ്രയിക്കുന്നവ. ദേശീയ സ്വകാര്യ മേഖല വികസനത്തിനും വിദേശ വ്യാപാരത്തിനുമുള്ള പരിപാടിയായ ‘നസ്ദാഹെർ’, പ്രോത്സാഹന, സാമ്പത്തിക സുസ്ഥിരതാ സംരംഭങ്ങൾ എന്നിവ പോലുള്ള പ്രോത്സാഹന പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്തു് ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ശ്രമങ്ങളെ സ്വകാര്യ മേഖല പിന്തുണക്കാൻ തുടങ്ങിയിട്ടുണ്ട്.
സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ വിവിധ പദ്ധതികൾ നടപ്പാക്കി. ദുകം റിഫൈനറി പ്രോജക്റ്റ്, ദുകം സ്പെഷൽ ഇക്കണോമിക് സോണിലെ പെട്രോകെമിക്കൽ വ്യവസായങ്ങൾ, ബർക വിലായത്തിലെ ഖസാഈൻ ഇക്കണോമിക് സിറ്റിയിലെ സെൻട്രൽ മാർക്കറ്റ് ‘സിലാൽ’, ദുകം ഫിഷ് കാനിങ് ആൻഡ് വാല്യൂ-ആഡഡ് കോംപ്ലക്സ്, പുനരുപയോഗ ഊർജ്ജ മേഖലയിലെ നിരവധി പദ്ധതികൾ എന്നിവ ഉൾപ്പെടെ നിരവധി തന്ത്രപരമായ പദ്ധതികൾ കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയവയിൽ ഉൾപ്പെടുന്നതാണ്.
എണ്ണവിലയിലെ വർധനവിനുപുറമേ, ചെലവുകളുടെ യുക്തിസഹീകരണത്തിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും എണ്ണ ഇതര സർക്കാർ വരുമാനം ഉയർത്തുന്നതിനും കാരണമായ ഒരു കൂട്ടം സർക്കാർ നടപടികളും സംരംഭങ്ങളും നടപ്പിലാക്കിയതിന്റെ ഫലമായി നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. അങ്ങനെ, പൊതു കടം ബാലൻസ് കഴിഞ്ഞ വർഷം അവസാനത്തോടെ ഏകദേശം 14.4 ശതകോടി റിയാലായി കുറഞ്ഞു. അതായത് ജി.ഡി.പിയുടെ 34 ശതമാനം. 2020 അവസാനത്തോടെ ഇത് 19.8 ശകോടി റിയാലായിരുന്നു. ജി.ഡി.പിയുടെ 67.9 ശതമാനമായിരുന്നു.
ക്രഡിറ്റ് റേറ്റിങ്ങിൽ ശ്രദ്ധേയമായ പുരോഗതി
പ്രധാന അന്താരാഷ്ട്ര റേറ്റിങ് സ്ഥാപനങ്ങൾ 2021-2024 കാലയളവിൽ സുൽത്താനേറ്റിന്റെ ക്രഡിറ്റ് റേറ്റിങ്ങിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി അടയാളപ്പെടുത്തി. എണ്ണവിലയിലെ വർധന, ഇടത്തരം സാമ്പത്തിക പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ സാമ്പത്തിക പ്രകടന നിയന്ത്രണ നടപടികളും സംരംഭങ്ങളും അവതരിപ്പിച്ചതിനുപുറമേ, പൊതു കടത്തിന്റെ അപകടസാധ്യതകൾ കുറക്കൽ തുടങ്ങിയവയാണ് ഇതിന് സഹായകമായത്. സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ് 2020ൽ +ബി എന്ന റേറ്റിങിൽനിന്ന് (ബി.ബി.ബി-) എന്ന റേറ്റിങിലേക്ക് ഉയർത്തി. കഴിഞ്ഞ വർഷത്തോടെ സ്ഥിരതയുള്ള ഒരു കാഴ്ചപ്പാടോടെ നിക്ഷേപ ആകർഷണ നില പുനഃസ്ഥാപിച്ചു.
ഫിച്ച് 2020ൽ (-ബി.ബി) എന്ന റേറ്റിങിൽനിന്ന് 2024ൽ പോസിറ്റീവ് കാഴ്ചപ്പാടോടെ (ബി.ബി+) എന്ന റേറ്റിങലേക്കും ഉയർത്തി. അതേസമയം മൂഡീസ് 2020ൽ (ബി.എ 3) എന്ന റേറ്റിങ്ങിൽനിന്ന് 2024ൽ പോസിറ്റീവ് കാഴ്ചപ്പാടോടെ (1ബി.എ) എന്ന റേറ്റിങ്ങിലേക്കുമാണ് ഉയർത്തിയത്.
2021-2025 പദ്ധതി വർഷങ്ങളിൽ എണ്ണ, എണ്ണേയിതര പ്രവർത്തനങ്ങൾ നേടിയ വളർച്ച ശരാശരി ലക്ഷ്യമിട്ടതിനേക്കാൾ കൂടുതലായിരുന്നു, ഇത് യഥാക്രമം ഏകദേശം 5.5 ശതമാനവും 5.7 ശതമാനവുമായിരുന്നു.
2021-2023 കാലയളവിൽ ഒമാനി അസംസ്കൃത എണ്ണയുടെ യഥാർഥ ശരാശരി വില ബാരലിന് ഏകദേശം 80.7 ഡോളറിലെത്തിയതാണ് ഈ വളർച്ചക്ക് കാരണം. 2020 ലെ വിലയേക്കാൾ 75.4 ശതമാനവും പദ്ധതി വർഷങ്ങളിലെ അംഗീകൃത ശരാശരി എണ്ണ വിലയേക്കാൾ 68.1 ശതമാനവും വർധനവാണിത്. കോവിഡ് മഹാമാരിയുടെ ഫലമായി സാമ്പത്തിക മേഖലകളിലുണ്ടായ പ്രതികൂല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സുൽത്താനേറ്റ് സ്വീകരിച്ച നയങ്ങളും നടപടികളുടെ സംരഭങ്ങളും ഈ വളർച്ചക്ക് കാരണമായി.
അതേസമയം, മൊത്തം നിക്ഷേപം 2020ലെ ഏകദേശം 7.97 ബില്യൺ റിയാലിൽനിന്ന് 2023 ൽ 10.9 ബില്യൺ റിയാലായി വർധിച്ചു. അതായത് (2021-2023) ശരാശരി 11.7 ശതമാനം വളർച്ചാ നിരക്ക്. മൊത്തം നിക്ഷേപങ്ങളിൽ സ്വകാര്യ മേഖലയുടെ സംഭാവന(2021-2022) ശരാശരി 49.3 ശതമാനമായിരുന്നു. ഇത് പദ്ധതി വർഷങ്ങളിലെ (2021-2025) ലക്ഷ്യമിട്ട ശതമാനത്തേക്കാൾ താഴെയാണ്, അതായത് ഏകദേശം 60 ശതമാനം. സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനും മൊത്തം നിക്ഷേപങ്ങളിൽ ലക്ഷ്യമിട്ട സംഭാവന കൈവരിക്കാൻ അതിനെ പ്രാപ്തമാക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്.
സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുന്‍ഗണന നല്കിയുള്ളതായിരുന്നു 2025 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ പൊതു ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഈ വർഷം ഏകദേശം 11.18 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024ലെ കണക്കാക്കിയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 1.5 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. പൊതു കടം തിരിച്ചടവിനായി 1.834 ശതകോടി റിയാലും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് അധിക വരുമാനത്തിൽനിന്ന് 468 ദശലക്ഷം വളർച്ച-ഉത്തേജക സംരംഭങ്ങൾക്കായി ഈ വർഷത്തെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഈ ഫണ്ടുകൾ അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമാണം, നഗരവികസനം എന്നിവക്കുള്ള ചെലവ് വർദ്ധിപ്പിക്കാനും കൂടുതൽ പൗരന്മാരെ വീടുകൾ സ്വന്തമാക്കാനും ഭവന മേഖലയുടെ വിപുലീകരണത്തിന് സംഭാവന നൽകാനും ഉദ്ദേശിച്ചുള്ളതാണ്.
സാമ്പത്തിക വളർച്ചയും സാമൂഹിക മുൻഗണനകളും ഉപയോഗിച്ച് സാമ്പത്തിക സുസ്ഥിരത സന്തുലിതമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് 2025ലെ ബജറ്റ്. ഏറ്റവും കുറഞ്ഞ വളർച്ചാനിരക്ക് മൂന്ന് ശതമാനം കൈവരിക്കുകയും എല്ലാ പ്രവിശ്യകളിലെയും വികസന പരിപാടികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിനൊപ്പം സാമ്പത്തിക സുസ്ഥിരത പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് ബജറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
ബജറ്റ് സാമൂഹിക ക്ഷേമത്തിന് ശക്തമായ ഊന്നലാണ് നൽകുന്നത്. മൊത്തം ചെലവിന്റെ 42 ശതമാനം (അഞ്ച് ദശലക്ഷ റിയാല്‍) സാമൂഹിക ക്ഷേമത്തിനും അവശ്യ മേഖലകള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ വലിയ ഭാഗം, 39 ശതമാനം, വിദ്യാഭ്യാസത്തിനാണ് പോകുക. 28 ശതമാനം സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും 24 ശതമാനം ആരോഗ്യരക്ഷാ മേഖലക്കും അനുവദിച്ചു.
പുറമെ, 557 മില്യന്‍ റിയാല്‍ സാമൂഹിക സുരക്ഷാ പദ്ധതിക്കും അനുവദിച്ചു. ഇന്‍ഷൂറന്‍സ് കവറേജ് ശക്തിപ്പെടുത്താനും സമൂഹത്തിലെ ആലംബഹീനര്‍ക്ക് തുല്യമായ സഹായം നല്‍കാനും ലക്ഷ്യമിട്ടാണിത്. 1.14 ബില്യന്‍ റിയാല്‍ വികസന പദ്ധതികള്‍ക്കായും നീക്കിവെച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും പ്രാധാന്യം അംഗീകരിച്ച് 2.345 ബില്യൺ റിയാല്‍ ഈ വർഷത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അവ താഴെ നല്കുന്നു:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.