മസ്കത്ത്: ഇന്ത്യ -ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) അംഗീകാരം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ്. കഴിഞ്ഞ ഡിസംബർ 18, 19 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശന വേളയിൽ ഒപ്പുവെച്ച വ്യാപാര ഉടമ്പടിക്ക് ഇതോടെ ഔദ്യോഗിക അംഗീകാരമായി.
ഇന്ത്യയും ഒമാനും തമ്മിലെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കാനും വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും തന്ത്രപരമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നതാണ് കരാർ. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക- വാണിജ്യ സഹകരണത്തിലെ ചരിത്ര സന്ദർഭമായാണ് കരാറിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും ഒമാനും തമ്മിലെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയും ദീർഘകാല പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ.
ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുകയോ ഗണ്യമായി കുറയുകയോ ചെയ്യുമെന്നതാണ് കരാറിന്റെ നേട്ടം. സേവന മേഖലയിലെ വ്യാപാരം എളുപ്പമാക്കാനും ഇരുരാജ്യങ്ങളിലും നിക്ഷേപം ആകർഷിക്കാനും കരാർ വഴിവെക്കും. ഒമാനെ സംബന്ധിച്ചിടത്തോളം ലോജിസ്റ്റിക്സ്, ഉൽപാദന വ്യവസായങ്ങൾ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ നിക്ഷേപം ആകർഷിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.5 ബില്യൺ യു.എസ് ഡോളറാണ്.
ഒമാനിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) നടത്തിപ്പ് മേൽനോട്ടം ദേശീയതലത്തിൽ രൂപവത്കരിക്കുന്ന റാപിഡ് ഇന്റർവെൻഷൻ ടീമിനായിരിക്കും. കരാർ ബാധിക്കുന്ന മേഖലകളിലോ സ്ഥാപനങ്ങളിലോ നേരിടാവുന്ന വെല്ലുവിളികൾ പരിഹരിക്കുകയാണ് സംഘത്തിന്റെ ദൗത്യം. കരാർ പ്രാബല്യത്തിൽ വരുന്നതിനുള്ള നിയമനിർമാണ നടപടികൾ പൂർത്തിയാക്കി വരികയാണ്.
ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളിലെ കസ്റ്റംസ് തീരുവ കുറക്കുന്നത് ഉൽപാദന ചെലവ് കുറക്കാനും നിർമാണ വ്യവസായങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും സഹായിക്കും. ഇതോടെ ഗൾഫ്, മിഡിലീസ്റ്റ്, ഫാർ ഈസ്റ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന വ്യാപാര -ലോജിസ്റ്റിക് ഹബ്ബായി ഒമാൻ മാറും. കരാർ യാഥാർഥ്യമാവുന്നതിന് മുന്നോടിയായി 2023 മുതൽ 2025 വരെ അഞ്ച് ഘട്ടങ്ങളിലായി ചർച്ചകൾ നടന്നിരുന്നു.
16 പ്രധാന അധ്യായങ്ങളും സാങ്കേതിക അനുബന്ധങ്ങളും ഉൾക്കൊള്ളുന്നതാണ് കരാർ. ചരക്കുകളും സേവനങ്ങളുമായുള്ള വ്യാപാരം, കസ്റ്റംസ് തീരുവ കുറവ്, ഇറക്കുമതി-കയറ്റുമതി നടപടികൾ, വ്യാപാര സൗകര്യവത്കരണം, ബൗദ്ധിക സ്വത്തവകാശം, ചെറുകിട -ഇടത്തരം സംരംഭങ്ങൾ, സാമ്പത്തിക -സാങ്കേതിക സഹകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി ആന്റി -ഡമ്പിങ്, സേഫ്ഗാർഡ് നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒമാനിവത്കരണം സംബന്ധിച്ച ദേശീയ നിയമങ്ങൾ തുടരും.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഒമാൻ ഏതെങ്കിലും രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്നത് എന്നതാണ് പ്രത്യേകത. 2006 ജനുവരിയിൽ അമേരിക്കയുമായാണ് ഒമാൻ അവസാനമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.