സലാല: സലാലയിലെ മലയാളി പ്രവാസികളുടെ യാത്രാ ദുരിതത്തിന് താൽക്കാലിക പരിഹാരമായി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസ് പുനരാരംഭിക്കുമ്പോൾ പ്രവാസി സംഘടനകളുടെയും ലീഡേഴ്സ് ഫോറത്തിന്റെയും ഒറ്റക്കെട്ടായ പ്രതിഷേധം കൂടിയാണ് ഫലം കാണുന്നത്. ഇതു സംബന്ധിച്ച നിരന്തരം വാർത്തകളുമായി ‘ഗൾഫ് മാധ്യമം’ പ്രവാസിയുടെ ശബ്ദമായി മാറി.
സ്കൂൾ വേനലവധിക്കാലമാരംഭിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് സലാലയിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മസ്കത്തിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സർവിസുകളെല്ലാം എയർ ഇന്ത്യ എക്സ്സ്ര് ഘട്ടംഘട്ടമായി പുനരാരംഭിച്ചപ്പോഴും സലാലയെ മാത്രം അവഗണിക്കുന്നതായിരുന്നു കാഴ്ച. സലാലയിലെ പ്രവാസി സംഘടനാ നേതാക്കൾ നിരന്തരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് താൽക്കാലിക ആശ്വാസമായി കോഴിക്കോട്ടേക്കുള്ള സർവിസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തയാറായത്.
സലാലയിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ലീഡേഴ്സ് ഫോറം ഈ വിഷയത്തിൽ സലാലയിലെ മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ചുചേർത്തിരുന്നു. സലാലയിൽനിന്നുള്ള പ്രവാസികളുടെ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി യോഗത്തിൽ ഒരു കോഓഡിനേഷൻ കമ്മിറ്റി രൂപവൽകരിക്കുകയും ചെയ്തിരുന്നു. ലീഡേഴ്സ് ഫോറം കോർ കമ്മിറ്റി നേതാക്കളായ സലാല കോൺസുലാർ ഏജന്റ് ഡോ. സനാതനൻ, റസൽ മുഹമ്മദ്, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, സുദർശനൻ എന്നിവരും സണ്ണി ജേക്കബ്, സൈനുദ്ദീൻ, ഷിജു ശശിധരൻ എന്നിവരും കൂടി ഉൾപ്പെട്ടതായിരുന്നു കോഓഡിനേഷൻ കമ്മിറ്റി.
തുടർന്ന്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സലാം എയർ തുടങ്ങിയ വിമാനക്കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുൽ സലാം ഹാജി ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി നിവേദനം കൈമാറുകയും ചെയ്തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ സലാലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും കേരള എം.പിമാർക്കും ഇ-മെയിൽ വഴിയും നിവേദനം കൈമാറിയിരുന്നു.
തങ്ങളുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷം സലാലയിലെ പ്രവാസി സംഘടനാ നേതാക്കൾ പങ്കുവെക്കുന്നു. അതേസമയം, സലാല- കൊച്ചി സർവിസ് കൂടി ഉടൻ പുനരാരംഭിക്കണമെന്നാണ് ആവശ്യം. ജൂലൈ ഷെഡ്യൂളിൽ കൊച്ചി സർവിസ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വൈകാതെ പുനരാരംഭിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.