മസ്കത്ത്: ആഗോള വിപണിയിൽ ഡോളറിനെതിരെ രൂപയുടെ തകർച്ച തുടരുന്നു. ബുധനാഴ്ച ഫോറക്സ് വിപണിയിൽ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലെത്തി. ബുധനാഴ്ച ഡോളറിന് 90 രൂപയിലെത്തിയതോടെ ഒമാനി റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് വർധിച്ചു. ഒരു ഒമാനി റിയാലിന് 234 രൂപ കടന്നു.
ഫോറക്സ് മാർക്കറ്റിൽ യു.എസ് ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയം തിങ്കളാഴ്ച 89.54 എന്ന നിരക്കിലും ചൊവ്വാഴ്ച 89.87 എന്ന നിരക്കിലുമാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ ഇത് 90 എന്ന ചരിത്ര നമ്പർ പിന്നിട്ടു. ഇൻട്രാഡേയിൽ 90.27 വരെ വ്യാപാരം നടന്നു. പിന്നീട് 90.19ൽ വിപണി വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ശമ്പള ദിവസങ്ങളിൽ വിനിമയ നിരക്ക് കൂടിയത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമായി. നാട്ടിലേക്ക് പണമയക്കാനുള്ള വൻ തിരക്കും കഴിഞ്ഞ ദിവസങ്ങളിലും അനുഭവപ്പെട്ടിരുന്നു. എക്സ്ചേഞ്ച് വഴിയും ബാങ്കിങ് ആപ്പുകൾ വഴിയുമാണ് പ്രധാനമായും നാട്ടിലേക്ക് പണമയക്കാറ്. അടുത്ത വർഷങ്ങളിലും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം ഇതേകാലയളവിൽ അഞ്ച് ശതമാനത്തിന്റെ മൂല്യമിടിവാണ് രൂപക്കുണ്ടായത്. മറ്റു ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് രൂപയുടെ മൂല്യ ശോഷണം കൂടുതലാണ്. 2022ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവിലേക്കാണ് രൂപയുടെ മൂല്യം നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലെ പ്രധാന വ്യാപാര കരാറുകൾ ഒപ്പുവെക്കുന്നതിലെ താമസം, ബാങ്ക് ഓഫ് ജപ്പാൻ (ബി.ഒ.ജെ) പലിശ നിരക്കിലുണ്ടായ വർധന, ക്രിപ്റ്റോ കറൻസിയിലുണ്ടായ വൻ ഇടിവ് തുടങ്ങിയവയാണ് ഡോളറിന് മൂല്യം കൂടാനിടയാക്കിയ കാരണങ്ങൾ.
വരും ദിവസങ്ങളിലും ഈ സാഹചര്യം തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.