ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ അംബാസഡർ അമിത് നാരങ് റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നു
മസ്കത്ത്: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസി, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നത്.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ അംബാസഡർ അമിത് നാരങ് ദേശീയ പതാക ഉയർത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അംബാസഡറും ഭാര്യ ദിവ്യ നാരങ്ങും പുഷ്പാർച്ചന നടത്തി. ദേശീയഗാനാലപത്തിനുശേഷം അംബാസഡർ രാഷ്ട്രത്തോടുള്ള രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എംബസി ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ കമ്യൂണിറ്റിയിൽനിന്നുള്ള ആളുകൾ, ഒമാനിലെ ഇന്ത്യയുടെ സുഹൃത്തുക്കൾ എന്നിങ്ങനെ അഞ്ചൂറിലധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ വിദ്യാർഥികൾ ദേശീയ ഗാനം ആലപിച്ചു.
അഹിംസാ സിദ്ധാന്തത്തെയും ഗാന്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മാനവിക മൂല്യങ്ങളെയും അനുസ്മരിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾക്കും എംബസി അങ്കണം വേദിയായി. ഇന്ത്യയുടെ പുരോഗതി, ജനാധിപത്യ മൂല്യങ്ങൾ, ഭാവി അഭിലാഷങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയുള്ള രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽനിന്നുള്ള സുപ്രധാന ഉദ്ധരണികൾ അംബാസഡർ വായിച്ചു.
ഇന്ത്യയോടുള്ള സ്നേഹത്തിന്റെ അടയാളപ്പെടുത്തലായി ത്രിവർണ ഷാളുകൾ അണിഞ്ഞാണ് ഓരോരുത്തരും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായത്. ഭാരത് കോ ജാനിയെ ക്വിസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തുടർച്ചയായി തിങ്കളാഴ്ച വൈകുന്നേരം എംബസിയുടെ നേതൃത്വത്തിൽ പ്രമുഖർക്കായി സ്നേഹ വിരുന്നും ഒരുക്കി.
ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ നടന്ന റിപ്പബ്ലിക്ദിനാഘോഷം
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ ദേശസ്നേഹത്തിന്റെ നിറവിൽ വർണശബളമായ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ കോർ ടീമിന്റെ നേതൃത്വത്തിൽ ഒമാൻ, ഇന്ത്യൻ ദേശഭക്തി ഗാനത്തോടുകൂടി ആരംഭിച്ച പരിപാടി സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റും മുഖ്യാതിഥിയുമായ നവീൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വി.എസ് .സുരേഷ് ഇന്ത്യൻ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
തുടർന്ന് വിദ്യാർഥികളുടെ റിപ്പബ്ലിക് ദിന പരേഡിന് പ്രിൻസിപ്പാളും മുഖ്യാതിഥിയും ചേർന്ന് സല്യൂട്ട് സ്വീകരിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിഷ്വൽ ഡിസ് പ്ലേയും, വിദ്യാർഥികളുടെ ദേശഭക്തി ഗാനങ്ങളും, നൃത്തങ്ങളും, വിവിധ ഭാഷകളിലെ പ്രഭാഷണങ്ങളും, പരിപാടിക്ക് മികവേകി.
വൈസ് പ്രിൻസിപ്പാൾ സണ്ണി മാത്യു, അഡീഷനൽ വൈസ് പ്രിൻസിപ്പാൾ വിജയകുമാർ ഡൊമിനിക് എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. വിവിധ മേഖലയിൽ പ്രശസ്തരായ സാമൂഹിക സാംസ്കാരിക പ്രവർത്തകന്മാർ, രക്ഷിതാക്കൾ , സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഐമൻ ഫാത്തിമ സ്വാഗതവും സാം ബെനറ്റ് നന്ദിയും പറഞ്ഞു.
ഇന്ത്യൻസ്കൂൾ നിസ്വയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ നിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദി കബീറിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പ്രമുഖ വ്യവസായിയും സമൂഹിക നേതാവുമായ അരവിന്ദ് തോപ്രാണി മുഖ്യാതിഥിയായി. ഐക്യം വളർത്തുന്നതിലും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
ഇന്ത്യൻ സ്കൂൾ വാദി കബീർ സി.ബി.എസ്.ഇ,ഇന്ത്യൻ സ്കൂൾ വാദി കബീർ കേംബ്രിഡ്ജ് എന്നിവയുടെ മാനേജ്മെന്റ് കമ്മിറ്റികളുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ഷെയ്ഖ് അനിൽ ഖിംജി, കിരൺ ആഷർ, രാജേന്ദ്ര വേദ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ അൽകേഷ് ജോഷി, ഇന്ത്യൻ സ്കൂൾ വാദി കബീർ സി.ബി.എസ്.ഇ, ഇന്ത്യൻ സ്കൂൾ വാദി കബീർ കേംബ്രിഡ്ജ് എന്നിവയുടെ പ്രസിഡന്റുമാർ, സച്ചിൻ തോപ്രാണി, ഗാർഗി ചുഗ്, ഇന്ത്യൻ എംബസിയിൽനിന്നുള്ള പ്രതിനിധികൾ, ഹിന്ദു മഹാജൻ അസോസിയേഷൻ അംഗങ്ങൾ, വിദ്യാഭ്യാസ സെൽ അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഡയറക്ടർ ബോർഡ്, മറ്റു പ്രമുഖർ,സ്കൂൾ പ്രിൻസിപ്പൽ ഡി. എൻ. റാവു, വൈസ് പ്രിൻസിപ്പൾമാർ തുടങ്ങിയവർ പങ്കെടുത്തു.
ത്രിവർണ ബലൂണുകൾ പ്രതീകാത്മകമായി പറത്തിയാണ് ആഘോഷം ആരംഭിച്ചത്. തുടർന്ന് ഇന്ത്യൻ ദേശീയഗാനം ആലപിച്ചു. ഐ.എസ് ഡബ്ല്യു.കെ കേംബ്രിഡ്ജിന്റെ ഹെഡ് ബോയ് സമർത്ത് പ്രമോദ് പൂജാരിയുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ ചടങ്ങുകൾക്ക് ഒരുക്കി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്ത്യൻ സ്കൂൾ വാദികബീറിൽ നടന്ന റിപ്പബ്ലിക്ദിനാഘോഷത്തിൽനിന്ന്
നിസ്വ: ഇന്ത്യൻ സ്കൂള്‍ നിസ്വ 76ാമത് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ജിൻസ് പി ഡേവിസ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസിഡന്റിന്റെ സന്ദേശം വായിച്ചു. പ്രിൻസിപ്പൽ ശാന്ത കുമാർ ദാസരി അധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മയിൽ ഇക്ബാൽ മുഹമ്മദ്, ഹെൽത്ത് ആൻഡ് സേഫ്റ്റി കൺവീനർ ഷിജി ബീബിഷ്, മതി മലർവിഴി എന്നിവർ പങ്കെടുത്തു.
ധീര ദേശാഭിമാനികളെ അനുസ്മരിച്ച് വിവിധ ഇന്ത്യൻ ഭാഷകളിൽ ദേശഭക്തി ഗാനങ്ങൾ, സ്കിറ്റ്, ടാബ്ലോ, മൂകാഭിനയം, പ്രസംഗങ്ങൾ എന്നിവയും നടന്നു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ , ഷൈനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രഹ മുഫീദ് പുലത്ത് റിപ്പബ്ലിക്ക് ദിന സന്ദേശം അവതരിപ്പിച്ചു. നന്ദന ബൈജു സ്വാഗതവും ദിവ്യ ലക്ഷ്മി നന്ദിയും പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ റിപ്പബ്ലിക്ക് ദിനോഘാഷം
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. 11-ാം ക്ലാസിലെ ആന്യ ഗോയലും മുഹമ്മദ് അയാനും വിശിഷ്ടാതിഥികളെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. സ്കൂൾ ബാൻഡ് അംഗങ്ങൾ ദേശീയ ഗാനാലാപനം നടത്തി.
'വന്ദേമാതരം', 'കദം കദം ബദായേ ജാ' എന്നീ ദേശഭക്തി ഗാനങ്ങൾ രാഷ്ട്രത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്നതായി. ഒമ്പതാം ക്ലാസിലെ ശ്രീഹരി കെ. ശ്യാം തന്റെ കീബോർഡ് പ്രകടനത്തിലൂടെ കാണികൾക്ക് വിരുനന്നൊരുക്കി. ഇന്ത്യൻ പതാകയുടെ മൂല്യങ്ങൾ വിളിച്ചോതുന്നതായി സ്കൂൾ ഗായകസംഘം അവതരിപ്പിച്ച 'ത്രീ കളേഴ്സ്'.11-ാം ക്ലാസിലെ ജാഷും വേദാന്തും ചേർന്ന് ഗിറ്റാറിൽ ഇന്തോ-സ്പാനിഷ് സംഗീതത്തിന്റെയും തബലയുടെയും സംയോജനത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടിയും ഒരുക്കി.
ഒരു രാഷ്ട്രത്തിന്റെ യഥാർഥ ശക്തി അവിടത്തെ ജനങ്ങളുടെ അഖണ്ഡതയിലും സ്വഭാവത്തിലുമാണ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് വകുപ്പ് 'ഒരു രാഷ്ട്രത്തിന്റെ ശക്തി' എന്ന പേരിൽ സ്കിറ്റ് അവതരിപ്പിച്ചു. എട്ടാം ക്ലാസിലെ വരുണും 11-ാം ക്ലാസിലെ യതിക ജിയും ശ്രീഹരിയും അവതരിപ്പിച്ച കീബോർഡ്, ഗിറ്റാർ ഫ്യൂഷനും സർഗ്ഗാത്മകതയുടെയും കലാപരതയുടെയും ആഘോഷത്തിന് ആക്കം കൂട്ടി.
സമാധാനം, പുരോഗതി, സമൃദ്ധി എന്നിവക്കായുള്ള കൂട്ടായ ആഗ്രഹം ശക്തിപ്പെടുത്തി പ്രിൻസിപ്പൽ പാപ്രി ഘോഷ് രാഷ്ട്രത്തിനുവേണ്ടി നടത്തിയ പ്രാർഥനയോടെയാണ് പരിപാടി അവസാനിച്ചത്.
ഇന്ത്യൻ സ്കൂൾ മബേലയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായ അഹമ്മദ് ബിൻ സൈദ് ബിന്‍ റാഷിദ് ഗാര്‍ഡ് ഓഫ് ഓണര്‍ സീകരിക്കുന്നു
മബേല: ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനം ഇന്ത്യൻ സ്കൂൾ മബേലയില്‍ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സീബ് വിലായത്ത് ശൂറ കൗൺസിൽ അംഗം അഹമ്മദ് ബിൻ സയീദ് ബിൻ റാഷിദ് അൽ ബലൂഷി മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെയും ഒമാന്റെയും ദേശീയഗാനവും തുടർന്ന് പ്രാർത്ഥനാ ഗാനവും ആലപിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിൽ മുഖ്യാതിഥിയായ അഹമ്മദ് ബിൻ സൈദ് ബിന്‍ റാഷിദ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ പർവീൺ കുമാർ ഇന്ത്യ ൻ പ്രസിഡന്റ് ദ്രൗപതി മുർമുറിന്റെ റിപ്പബ്ലിക് ദിനസന്ദേശം വായിച്ചു. ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കേണ്ടതിന്റെയും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി . തുടർന്ന് പ്രൈമറി, പ്രീ പ്രൈമറി, മിഡിൽ, സീനിയർ വിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നവയായി.
സ്കൂൾ മാനേജ്മെന്റ് വെൽഫെയർ, ഹെൽത്ത് ആൻഡ് ഗ്രീവൻസ് ചെയർപേഴ്സൺ ഡോ. സായിപ്രഭ ശിവകുമാർ, പർച്ചേസ് ഡെപ്യൂട്ടി ചെയർപേഴ്സൺ ഡോ. മസൂദ് ആലം, സ്പോർട്സ് ആൻഡ് കമ്പനി കരിക്കുലർ ഡെപ്യൂട്ടി ചെയർപേഴ്സൺ പല്ലവി വെങ്കട്ട് റാവു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ സവിത സലൂജ നന്ദി പറഞ്ഞു. സ്കൂൾ ഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.