മസ്കത്ത്: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഒമാനിലും വിവിധ പരിപാടികൾ നടക്കും. ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച രാവിലെ എട്ടിന് അംബാസിഡർ അമിത് നാരങ് പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും.
ഒമാനിലെ എല്ലാ ഇന്ത്യൻ പൗരൻമാരെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ സൈറ്റിലും സമൂഹമാധ്യമങ്ങളിലുമായി നൽകിയ പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ സ്വദേശികൾക്ക് പരിപാടിയുടെ ഭാഗമാകാമെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യൻ സ്കൂളുകളിലും വിവിധ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ കലാപരിപാടികൾ, മധുരവിതരണം എന്നിവ സ്കൂളുകളിൽ നടക്കും.
റിപ്പബ്ലിക് ദിനാഘോഷഭാഗമായി വിവിധ മത്സരങ്ങളും സ്കൂളുകളിൽ നടക്കുന്നുണ്ട്. വിവിധ ഇന്ത്യൻ കൂട്ടായ്മകളും, സംഘടനകളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അംബാസഡർ ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ നേർന്നു. ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിലുള്ള നമ്മുടെ യാത്രയിലെ ഒരു ചരിത്ര നാഴികക്കല്ലാണ് ഈ ദിനമെന്നും ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ അതിന്റെ ആഭ്യന്തര പുരോഗതിയെ നയിക്കുക മാത്രമല്ല, മനുഷ്യരാശിയുടെ വലിയ നന്മക്കായി ആഗോള പങ്കാളിത്തത്തോടുള്ള സമീപനത്തെ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു.
സുൽത്താൻ ഹൈതം ബിൻ താരിഖ്
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും അടുത്ത വ്യാപാര സാംസ്കാരിക ബന്ധങ്ങളുടെയും സൂചിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസ സന്ദേശങ്ങൾ അയച്ചു. പ്രസിഡന്റിന് ആശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.