സുഹാർ: റമദാൻ അടുത്തെത്തിയതോടെ ധാന്യം പൊടിച്ചുകൊടുക്കുന്ന മില്ലുകളിൽ തിരക്കേറി. റമദാനിനുമുമ്പ് മസാലക്കൂട്ടുകൾ തയാറാക്കുക എന്നത് സ്വദേശികുടുംബങ്ങളുടെ ഒരുക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഒമാനി മസാല സ്വദേശി പാചകത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവകളാണ്. രാജ്യത്തിനകത്തും പുറത്തും ഏറെ ശ്രദ്ധേയമായ പാരമ്പര്യ രുചിക്കൂട്ടാണിത്. ജീരകം, മല്ലി, മഞ്ഞൾ, പട്ട, ഏലക്ക, ഉണ്ടമുളക്, തക്കോലം, കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ എന്നിങ്ങനെ സുഗന്ധ വ്യഞ്ജനങ്ങൾ അതിന്റെ അനുപാതത്തിൽ ചേർത്ത് വറുത്തെടുക്കും.
ഇത് മില്ലുകളിൽ എത്തിച്ച് പൊടിച്ചെടുത്ത് ഉപയോഗിക്കുന്ന രുചിക്കൂട്ടുകളാണ് ഒമാനി മസാല. ഇങ്ങനെ പൊടിച്ചെടുക്കുന്ന മസാലകൾ റമദാൻ കാലത്ത് അഞ്ചോ ആറോ കുടുംബങ്ങൾക്ക് ഉപയോഗിക്കാവുന്നതിൽ കൂടുതലായിരിക്കും. മാറിത്താമസിക്കുന്ന മക്കൾക്കും മരുമക്കൾക്കും മറ്റു കുടുംബക്കാർക്കുംകൂടി നൽകാനുള്ള മസാലകൾ തറവാട്ടിൽനിന്ന് പൊടിച്ചു നൽകുകയാണ് പതിവെന്ന് ധാന്യങ്ങളും മറ്റും പൊടിച്ചുകൊടുക്കുന്ന സഹമിലെ അൻവർ മജാൻ കമ്പനി മാനേജർ മൻസൂർ അറക്കൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ധാന്യങ്ങൾ പൊടിക്കാനായി മില്ലുകളിൽ എത്തിയത്. റമദാൻ കാലത്ത് സ്വദേശികളുടെ ഇഷ്ടവിഭവമാണ് വലിയ വട്ടത്തിൽ പപ്പടംപോലെ ചുട്ടെടുക്കുന്ന റിഗാഗ്. നോമ്പുതുറയുടെ മുഖ്യ ആകർഷണമാണിത്. ഇതിനായി വാങ്ങുന്ന ഗോതമ്പിനും പ്രത്യേകതയുണ്ട്.
ചുട്ടെടുക്കാനും ബ്രൗൺ കളറിൽ ലഭിക്കാനും നമ്പർ മൂന്ന് ആട്ടയാണ് ഉപയോഗിക്കുക. അത് ചെറുതരി രൂപത്തിലാണ് പൊടിച്ചെടുക്കുക. ഉരുളക്കിഴങ്ങും മാംസവും ചേർത്ത് തയാറാക്കുന്ന കറിയിൽ കുതിർത്തു കഴിക്കുകയാണ് പതിവ് എന്നും മൻസൂർ പറയുന്നു. അരീസ് (അൽസ) നോമ്പുതുറയുടെ രണ്ടാം ഭക്ഷണത്തിൽ സ്വദേശികളുടെ മറ്റൊരു പുരാതന ഇഷ്ട വിഭവമാണ്. പ്രത്യേക ഗോതമ്പുകൊണ്ട് സമയമെടുത്തു പാചകം ചെയ്തെടുക്കുന്നതാണ് അരീസ്. നെയ്യും മാംസവും ചേർത്തുണ്ടാക്കുന്ന വിഭവം റമദാൻ കാലത്ത് കടകളിൽ ലഭിക്കും. അരീസിനായി നുറുക്ക് രൂപത്തിൽ പൊടിച്ചു വിപണിയിൽ എത്തിക്കുന്ന ഈ ഗോതമ്പിനു വൻ ഡിമാൻഡാണെന്ന് മസ്കത്തിലെ നദ ഹാപ്പിനെസ് ട്രേഡിങ്ങിന്റെ പാക്കിങ് കമ്പനിയായ ബിസ്മിയുടെ പ്രതിനിധി പറഞ്ഞു. ധാന്യങ്ങളുടെ കൂടെ കാപ്പിക്കുരു കൂടി കഹ്വക്കായി പൊടിച്ചുനൽകുന്നുണ്ട്. ശ്രീലങ്ക, ബ്രസീൽ, സൗദി, ഇന്ത്യ, തുർക്കിയ എന്നിങ്ങനെ നിരവധി കാപ്പിക്കുരു ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.