തിങ്കളാഴ്ച പെയ്ത മഴയിൽ മസ്കത്തിലെ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ

മഴക്കെടുതി: ഒമാനിൽ ഇതുവരെ ആറു മരണം

മസ്കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും മൂലം ആറുപേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. മുപ്പതിലധികം പേരെ രക്ഷപ്പെടുത്തി. താഴ്ന്നമർദ്ദ സംവിധാനത്തെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവ മസ്കത്ത് ഉൾപ്പെടെ നിരവധി ഗവർണറേറ്റുകളിൽ വ്യാപക നാശനഷ്ടങ്ങൾക്കും കാരണമായി. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ അടിയന്തര സംഘങ്ങൾ വ്യാപകമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി.

നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.പ്രളയജലത്തിൽ നിറഞ്ഞൊഴുകുന്ന വാദികളും താഴ്ന്ന പ്രദേശങ്ങളിലുള്ള റോഡുകളും കടക്കരുതെന്ന് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്റർ വീണ്ടും മുന്നറിയിപ്പ് നൽകി. വേഗത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ ശക്തി കണക്കുകൂട്ടാതെ ഡ്രൈവർമാർ മുന്നോട്ട് പോകുന്നതാണ് മരണങ്ങൾക്ക് പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച മസ്കത്ത് ഗവർണറേറ്റിൽ ശക്തമായ മഴ ലഭിച്ചു. മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിലായി വാദികളും ചെറുനദികളും നിറഞ്ഞൊഴുകിയതായി റിപ്പോർട്ട് ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളച്ചാലുകൾ, മലിനജല സംവിധാനങ്ങൾ, വൈദ്യുതി സൗകര്യങ്ങൾ എന്നിവക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

കടലിൽ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം സുൽത്താനേറ്റ് മുഴുവൻ 161 ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി അറിയിച്ചു. ഇതിൽ 53 കേന്ദ്രങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ സ്വീകരിക്കാൻ പൂർണ സജ്ജമാണ്. ദാഖിലിയയിലെ ആദം വിലായത്തിലെ അൽ ഗൈത്രാന ബേസിക് എജുക്കേഷൻ സ്കൂളിലെ ഒരു കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഇവിടെ 13 കുടുംബങ്ങളിലെ 106 പേർ കഴിയുന്നതായും അറിയിച്ചു.

സുൽത്താനേറ്റിൽ അസ്ഥിര കാലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരുകയും, വാദികൾ കടക്കുന്നതും താഴ്ന്ന പ്രദേശങ്ങളിലൂടെ വാഹനമോടിക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags:    
News Summary - Rainstorms: Six dead in Oman so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.