മസ്കത്ത്: ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്കു നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹുർമുസ് കടലിടുക്കിൽ സൗദി, ഖത്തർ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. മേഖലയിലെ ആക്രമണങ്ങൾ അടിയന്തിരമായി നിർത്തിവെക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒമാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ബഹ്‌റൈന്റെയും കുവൈത്തിന്റെയും സുരക്ഷ, സ്ഥിരത, പരമാധികാരം, ദേശീയ താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളിലും ഇരു രാജ്യങ്ങൾക്കും ഒമാൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങൾ സമുദ്ര സുരക്ഷക്കും അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യത്തിനും ആഗോള ഊർജ വിതരണത്തിന്റെ സ്ഥിരതക്കും വലിയ ഭീഷണിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യങ്ങളുടെ സുരക്ഷ തകർക്കുന്നതോ സിവിലിയൻ-വാണിജ്യ കപ്പലുകളെ അപകടത്തിലാക്കുന്നതോ ആയ ഏതൊരു നടപടിയെയും ശക്തമായി തള്ളിക്കളയുന്നു.
അന്താരാഷ്ട്ര കപ്പൽ ഗതാഗത റൂട്ടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു. ഒപ്പുവെച്ച കരാറുകൾ പൂർണമായി പാലിച്ചുകൊണ്ട് മേഖലയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ സുൽത്താനേറ്റ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.