അൽഹംറ വിലായത്തിൽ വാദി കവിഞ്ഞൊഴുകിയപ്പോൾ 

വിവിധ വിലായത്തുകളിൽ മഴ; കൂടുതൽ ലഭിച്ചത് ഇബ്രിയിൽ

മസ്കത്ത്: രാജ്യത്തെ വിവിധ വിലായത്തുകളിൽ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡുകളിൽ വെള്ളം കയറി ചില സ്ഥലങ്ങളിൽ നേരിയ ഗതാഗത തടസ്സം നേരിട്ടു. ചിലയിടങ്ങളിൽ വാദികൾ കവിഞ്ഞൊഴുകി. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. പലയിടത്തും ആലിപ്പഴം വർഷിച്ചതായും റിപ്പോർട്ടുണ്ട്. ഇബ്രിയിൽ സാമാന്യം കനത്ത മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

മുദൈബി, മഹ്ദ, അൽ ഹംറ എന്നീ വിലായത്തുകളിൽ ഭേദപ്പെട്ട മഴ കിട്ടി. ഈ സ്ഥലങ്ങളിൽ വൈകീട്ടോടെയാണ് മഴ തുടങ്ങിയത്. മഴ ലഭിച്ച പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, രണ്ടു ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലാണെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 19 മുതൽ 20 വരെയുള്ള ദിനങ്ങളിൽ 25 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. വടക്കൻ ശർഖിയയിലെ ഇബ്ര- 23, ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി-20, ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ -14 ബുറൈമി ഗവർണറേറ്റിലെ മഹ്ദ-10, ബുറൈമി- ഏഴ്, ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ- അഞ്ച്, നിസ്വ -രണ്ട് എന്നിങ്ങനെയാണ് മറ്റു വിലയായത്തുകളിൽ ലഭിച്ച മഴയുടെ കണക്കുകൾ.

Tags:    
News Summary - Rainfall in various provinces; More was found in Ibri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.