പയ്യന്നൂർ സൗഹൃദവേദി മസ്കത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: പയ്യന്നൂർ സൗഹൃദവേദി മസ്കത്ത് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘പയ്യന്നൂർ ഫെസ്റ്റ് 2024’ ഏപ്രിൽ 26ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30ന് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിലായിരിക്കും പരിപാടി. ആടുജീവിതം സിനിമയിൽ അർബാബിന്റെ വേഷം അവതരിപ്പിച്ച ഒമാനി കലാകാരൻ ഡോക്ടർ ത്വലിബ് മുഹമ്മദ് അൽ ബലൂഷി മുഖ്യാതിഥിയാകും. മലയാള ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന നാടകമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കാലിക പ്രസക്തിയുള്ള നാടകം മസ്കത്തിലെ കലാ പ്രേമികൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പയ്യന്നൂർ സൗഹൃദ വേദിയിലെ കുട്ടികളും വനിതാ വിഭാഗവും ചേർന്ന് അവതരിപ്പിക്കുന്ന മനോഹരമായ ദൃശ്യവിരുന്നുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പയ്യന്നൂർ സൗഹൃദ വേദിയുടെ പ്രസിഡന്റ് രവീന്ദ്രനാഥ് കൈപ്രത്ത്, ജനറൽ സെക്രട്ടറിരാജീവ് മാടായി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മനോജ് പാനക്കാരൻ, ട്രഷറർ രഘുനാഥ്, വനിത കോഡിനേറ്റർ ശ്രീനാ രാജീവ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.