ഫോർവീൽ വാഹനങ്ങളുടെ ഉടമസ്​ഥവകാശം ഫാമിലി വിസയിലുള്ളവർക്ക്​ മാത്രമാക്കുന്നു

മസ്കത്ത്​: രാജ്യത്ത്​ ഫോർവീൽ വാഹനങ്ങളുടെ ഉടമസ്​ഥവകാശം ഫാമിലി വിസയിലുള്ളവർക്ക്​ മാത്രമായി പരിമിതപ്പെടുത്തുന്നു. അനധികൃതമായി ഗതാഗതത്തിനും ചരക്ക് വിതരണത്തിനും വേണ്ടി പ്രവാസികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത്​ തടയുന്നതിന്‍റെ ഭാഗമായാണിത്​. വിദേശികൾക്ക് അവരുടെ കുടുംബം രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോർ വീൽ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയൽ ഓമൻ ട്രാഫിക് വിഭാഗം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്തു.

വാഹനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് ഉടമക്ക്​ തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവയുടെ പുതിയ രജിസ്ട്രേഷൻ റോയൽ ഒമാൻ പൊലീസിന്​ തടയാൻ കഴിയുന്നതാണ്​. കഴിഞ്ഞ ദിവസം ഒരു പ്രവാസി ​പുതിയ ഫോർവീൽ വാഹനം രജിസ്​റ്റർ​ ചെയ്യുന്നതിനായി റോയൽ ഒമാൻ പൊലീസ്​ ട്രാഫിക്ക്​ വിഭാഗത്തെ സമീപിച്ചു. എന്നാൽ, ​അ​ദ്ദേഹത്തിന്‍റെ കുടുംബം ഇവിടെ ഇല്ലാത്തതിനാൽ രജിസ്​ട്രേഷൻ അധികൃതർ നിരസിക്കുകയായിരുന്നു. ഇത്തരം വാഹനങ്ങളുപയോഗിച്ച്​ നടത്തുന്ന ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്നാണ്​ കരുതുന്നത്​.

കോം‌പാക്റ്റ്, മിനി, മിഡ്‌സൈസ് അല്ലെങ്കിൽ കൂപ്പെ ട്രക്കുകൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പിക്കപ്പ് ട്രക്കുകൾ ​പ്രവാസികൾ സ്വന്തമാക്കുന്നതിനും ആർ.ഒ.പി കർശനമായി വിലക്കുന്നുണ്ട്​. അതേസമയം, ഈ വാഹനങ്ങൾ അവരുടെ ജോലിയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ പ്രവാസികൾക്ക് അവരുടെ പേരിൽ ആഢംബര/ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

മാനേജർമാർ, ടെക്‌നീഷ്യൻമാർ, എൻജിനീയർമാർ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണൽ തസ്തികകൾ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്കിൽനിന്ന്​ ഒഴവാക്കിയിട്ടുണ്ട്. ഈ വ്യക്തികൾക്ക് അത്തരം വാഹനങ്ങൾ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും അർഹതയുണ്ടെന്ന്​ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫോർവീൽ അല്ലെങ്കിൽ പിക്കപ്പ് ട്രക്ക് എന്നിവ പ്രവാസികൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്​. പിടിക്കപ്പെട്ടാൽ 35 റിയാൽ പിഴ ചുമത്തുമെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി. കുറ്റം ആവർത്തിച്ചാൽ തുടർനടപടികൾക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റും.

Tags:    
News Summary - Ownership of four-wheel vehicles is limited to family visa holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.