ജബൽ ശംസിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: ശൈത്യകാലത്ത് ജബൽ ശംസ് മനോഹര കാഴ്ചയാണ്. എന്നാൽ, സാഹസിക യാത്രകളിൽ പതിയിരിക്കുന്ന അപകടങ്ങൾ പലപ്പോഴും സഞ്ചാരികൾ തിരിച്ചറിയാതെ പോവുന്നു. ജബൽ ശംസ് മാത്രമല്ല, ഒമാനിൽ സാഹസികത നിറഞ്ഞ മറ്റു മലനിരകളിലും ഇത്തരം അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. പല മലമ്പാതകളും ഇടുങ്ങിയതും, ടാറിടാത്തതും, കുത്തനെയുള്ള കയറ്റങ്ങളും വളവുകളുമുള്ളവയാണ്.
ഒമാനിലെ ഹജർ പർവതനിരകളിലെ ചില പ്രത്യേക പാതകളാണ് കൂടുതൽ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്. ഇവ സാധാരണയായി ടാറിടാത്തതും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞതുമായ ഓഫ്-റോഡ് വഴികളാണ്.
വാദി ബനി ഔഫാണ് ഇവയിൽ പ്രധാനം. അൽ ഹംറയിലേക്കുള്ള ഈ വഴി മനോഹരമായ കാഴ്ചകൾ നൽകുന്നുണ്ടെങ്കിലും, വളരെ
ജബൽ അഖ്ദറിൽനിന്നുള്ള കാഴ്ച
ദുർഘടം പിടിച്ച പാതയാണ് മഴക്കാലത്ത് വാദികൾ പെട്ടെന്ന് നിറഞ്ഞൊഴുകാനും വാഹനം ഒലിച്ചുപോകാനും സാധ്യതയുണ്ട്. ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവ ഒമാനിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളാണ്. ഹജർ പർവതനിരകളിലാണ് ഇവ സ്ഥിതി ചെയ്യുന്നത് . ഇവിടേക്കുള്ള പ്രധാന റോഡുകൾ ടാർ ചെയ്തതാണെങ്കിലും, കുത്തനെയുള്ള ചരിവുകൾ കാരണം അപകടങ്ങൾ പതിയിരിക്കുന്നു. ഒമാനിലെ പർവതപ്രദേശങ്ങളുടെ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനങ്ങളും കാൽനടയായി മലയിടുക്കുകളിലൂടെ സഞ്ചരിക്കുന്നവർക്ക് വെല്ലുവിളിയാകാം. ഒമാനിലെ വാദികളിലും മലയിടുക്കുകളിലും അപ്രതീക്ഷിതമായി ഉണ്ടാകുന്ന മലവെള്ളപ്പാച്ചിൽ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ്. മഴക്കാലത്ത് വാദികൾ മുറിച്ചുകടക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
ഉയർന്ന താപനിലയും നിർജലീകരണവുമാണ് മറ്റൊന്ന്. ഒമാനിലെ കാലാവസ്ഥ പൊതുവെ ചൂടേറിയതാണ്. ആവശ്യത്തിന് വെള്ളം, സൺ പ്രൊട്ടക്ഷൻ ഗിയർ എന്നിവ ഇല്ലാതെ ട്രക്കിങ് നടത്തുന്നത് നിർജലീകരണത്തിനും, ഹീറ്റ് സ്ട്രോക്കിനും കാരണമാകും.
വഴിയറിയാതതെറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നു. പല ട്രക്കിങ് പാതകളും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാൽ എളുപ്പത്തിൽ വഴിതെറ്റാൻ സാധ്യതയുണ്ട്. അതിനാൽ ജിപിഎസ്, മാപ്പ്, കോമ്പസ് എന്നിവ ഉപയോഗിക്കുകയും പരിചയസമ്പന്നരായ ഗൈഡുകളുടെ സഹായം തേടുകയും വേണം.
കുത്തനെയുള്ള മലഞ്ചരിവുകളിലും, അയഞ്ഞ പാറക്കെട്ടുകളുള്ള പ്രദേശങ്ങളിലും പാറ ഇടിഞ്ഞു വീഴാനും സാധ്യതയുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും, തെന്നുന്ന പ്രതലങ്ങളും ട്രക്കിങ്ങിനിടെ വീഴ്ചകൾക്കും അതുവഴി പരിക്കുകൾക്കും (ഒടിവുകൾ, ചതവുകൾ) കാരണമാവാം. കൂടാതെ, പാമ്പുകൾ, തേളുകൾ തുടങ്ങിയ ക്ഷുദ്രജീവികളിൽ നിന്നുള്ള അപകടങ്ങളും ഉണ്ടാകാം. കാലാവസ്ഥാ പ്രവചനം പരിശോധിച്ചതിന് ശേഷം മാത്രം ട്രക്കിങ് പ്ലാൻ ചെയ്യുകയാണ് നല്ലത്. ഒറ്റയ്ക്ക് ട്രക്കിങ് നടത്തുന്നത് ഒഴിവാക്കുകയും ഒരു സംഘത്തോടൊപ്പം പോകുകയും ചെയ്യുക. ആവശ്യത്തിന് വെള്ളം, ഭക്ഷണം, പ്രഥമശുശ്രൂഷ കിറ്റ്, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ കരുതുക. ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും നിങ്ങളുടെ പരിമിതികൾക്കനുസരിച്ചുള്ള റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്യുക. അതോടൊപ്പം റോയൽ ഒമാൻ പൊലീസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണം. കഴിഞ്ഞദിവസം പൈതൃക- ടൂറിസം മന്ത്രാലയം സാഹസിക യാത്രികർക്കായി പ്രത്യേക ഗൈഡുകളും ട്രയിൽ മാപ്പുകളും പുറത്തിറക്കിയിരുന്നു. സാഹസിക യാത്രകളിൽ ഔദ്യോഗിക ഗൈഡുകളടെ സേവനം തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാഹനങ്ങളിൽ യാത്രചെയ്യുന്നവർ മലമ്പാതകളിൽ ഇറക്കങ്ങളിൽ ബ്രേക്ക് അമിതമായി ഉപയോഗിക്കുന്നത് ബ്രേക്ക് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായേക്കാം. ഈ പാതകളിലെ യാത്രകളിൽ താഴ്ന്ന ഗിയറുകൾ ഉപയോഗിക്കുകയാണ് ഉചിതം. മസ്കത്തിനടുത്തുള്ള യതി പ്രദേശത്തെ മലമ്പാതകളിലെ ഡ്രൈവിങ്ങും അപകടകരമാണെന്ന് യാത്രികർ അഭിപ്രായപ്പെടുന്നു.
മലമ്പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ എപ്പോഴും ഫോർ വീൽ വാഹനം ഉപയോഗിക്കുക, ആവശ്യത്തിന് വെള്ളം, സ്പെയർ ടയർ, ഇന്ധനം എന്നിവ കരുതുക, പരിചയമില്ലാത്ത ഓഫ്-റോഡ് വഴികളിൽ പകൽ സമയത്ത് മാത്രം ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക തുടങ്ങി മുൻ കരുതൽ സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.