മസ്കത്ത്: വംശനാശഭീഷണി നേരിടുന്ന ഒമാനി മുള്ളൻവാലൻ ഉടുമ്പുകളെ (ഒമാനി സ്പൈനി ടൈൽഡ് ലിസാർഡ്) കടത്താനുള്ള ശ്രമം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. ഒമാൻ പരിസ്ഥിതി അതോറിറ്റിയും മറ്റു ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് അത്യപുർവ ഉടുമ്പുകെ കടത്താനുള്ള ശ്രമം പിടികൂടിയത്. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
ഒമാനിൽ 'ദബ്ബ്' എന്ന പ്രാദേശിക പേരിൽ അറിയപ്പെടുന്ന ഒമാനി മുള്ളൻവാലൻ ഉടുമ്പുകൾ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെട്ടു ജീവിക്കുന്ന അപൂർവയിനം ജീവികളാണ്. തടിച്ച ശരീരവും നിരനിരയായി മൂർച്ചയുള്ള മുള്ളുകൾ നിറഞ്ഞ വാലുമാണ് ഇവയുടെ പ്രധാന സവിശേഷത. ശത്രുക്കളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇവ ഈ വാലാണ് ഉപയോഗിക്കുന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ മണ്ണിൽ ആഴത്തിൽ മാളങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന ഇവ, ഒമാന്റെ ജൈവവൈവിധ്യത്തിന്റെ ഒരു പ്രധാന കണ്ണിയാണ്. എന്നാൽ, നിയമവിരുദ്ധമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം ഇവ കടുത്ത വംശനാശഭീഷണി നേരിടുന്നുണ്ട്. ഈ ജീവികളെ പിടികൂടുന്നതും കടത്തുന്നതും ഒമാൻ പരിസ്ഥിതി നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
സംരക്ഷിത ജീവികളുടെ അനധികൃത കടത്ത് തടയുന്നതിനും വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിനും വിവിധ സുരക്ഷാ-നിയമപാലന ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ഏകോപനം പ്രധാനമാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.