ഇതാ മത്രക്കാരുടെ സ്വന്തം ഡീസല്‍ ബലൂഷി...

മത്ര: ജിബ്രു പോസ്റ്റ് ഓഫിസിന് മുന്നിലൂടെയുള്ള പ്രഭാത നടത്തക്കാര്‍ പതിവായി കാണുന്നതാണ് സമീപത്തെ പുല്‍ത്തകിടിയില്‍ കഠിനമായി വ്യായാമം ചെയ്യുന്ന വൃദ്ധനെ. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കില്‍ വ്യായാമം ചെയ്യുന്ന ഇദ്ദേഹം ആരാണെന്നറിയാനുള്ള കൗതുകം ആര്‍ക്കുമുണ്ടാകും. 
പരുപരുത്ത ശബ്ദത്തില്‍ ഒച്ചയിട്ട് അതിവേഗം നടന്നുനീങ്ങുന്ന ഇദ്ദേഹം മത്ര സൂഖുകാര്‍ക്ക് പരിചിതനാണെങ്കിലും  പേര് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബലൂഷി എന്നാണെന്നും മത്ര ത്വാലിബ് ബില്‍ഡിങ്ങിലെ പഴയകാല കച്ചവടക്കാരനാണെന്നുമാണ് പലര്‍ക്കും അറിയാവുന്നത്. ഒറ്റനോട്ടത്തില്‍ ആകാരത്തിലും സംസാരത്തിലുമൊക്കെ പരുക്കനാണെന്നു തോന്നിക്കുമെങ്കിലും ‘ഡീസല്‍’ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍െറ ഭൂതവും വര്‍ത്തമാനവും തിരഞ്ഞുപോയാല്‍ കാഴ്ചക്കാരും കേള്‍വിക്കാരും തെല്ളൊന്നമ്പരക്കാതിരിക്കില്ല, തീര്‍ച്ച! അമ്പതുകളില്‍ ഒമാനില്‍ രൂപവത്കരിച്ച ആദ്യകാല ഫുട്ബാള്‍ ക്ളബിന്‍െറ സ്ഥാപകനും പരിശീലകനും ടൂര്‍ണമെന്‍റ് നടത്തിപ്പുകാരനുമൊക്കെയായിരുന്നു ഡീസല്‍. 
മത്രയിലെയും പരിസരത്തെയും യുവാക്കളെ സംഘടിപ്പിച്ച് പരിശീലിപ്പിച്ച് ബ്രിട്ടീഷുകാരുടെ ക്ളബുമായൊക്കെ ഏറ്റുമുട്ടിയ മധുരസ്മരണകളൊക്കെ ഇപ്പോഴും ഡീസല്‍ അയവിറക്കുന്നു. ഇരുപതാം വയസ്സില്‍ ബലൂചിസ്ഥാനിലെ ഗ്വാദറില്‍നിന്നും ലോഡിങ്, അണ്‍ലോഡിങ് തൊഴിലിനായി എത്തിയ ദാവൂദെന്ന ഉറ്റ ചങ്ങാതിയാണ് ഫുട്ബാള്‍ ഭ്രാന്തിന് ഡീസലിന് അന്ന്  കൂട്ടായുണ്ടായത്. 1955, 56 കാലഘട്ടങ്ങളില്‍ 'ബിജ്ലി'(വെളിച്ചം പകരുന്നത്) എന്ന പേരിലാണ് ഇരുവരും സ്വന്തമായി  ഫുട്ബാള്‍ ക്ളബുണ്ടാക്കിയത്.
 ഇന്നും വൈകുന്നേരങ്ങളിലും ഒഴിവുവേളകളിലുമൊക്കെ ഇവര്‍ പഴയ കടക്കടുത്ത് സംഗമിച്ച് പൂര്‍വകാല കഥകള്‍ അയവിറക്കാറുണ്ട്. കൂടാതെ, നല്ളൊരു ഫയല്‍വാനും മെക്കാനിക്കുമൊക്കെയാണ് ഡീസല്‍.
 വലിയ കണ്ടെയ്നര്‍ വാഹനങ്ങളുടെ എന്‍ജിനുകള്‍ ശരിപ്പെടുത്തുന്നതിനാലും വലിയ ഭാരമുള്ള അവ തോളിലേറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാലുമൊക്കെയാണ് തനിക്ക് ഡീസല്‍ എന്ന വിളിപ്പേര് ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നത്.
 ഡീസല്‍ ബലൂഷിക്ക് മറ്റൊരു ഹോബി കൂടിയുണ്ട്. അതൊരു വിചിത്രമായ  സേവന കഥ കൂടിയാണ്. തന്‍െറ  പ്രദേശത്തുള്ള ശ്മശാനത്തിന്‍െറ പരിപാലനം രാപ്പകലെന്നില്ലാതെ ഒറ്റക്ക് നിര്‍വഹിക്കുന്നതിലും ഇദ്ദേഹം സമയം കണ്ടത്തെുന്നു. ഒരു മുടക്കവുമില്ലാതെ കല്ലറക്ക് വെള്ളയടിച്ചും കല്ലും മുള്ളും കാടും ചത്തെിമിനുക്കി വൃത്തിയില്‍ സംരക്ഷിക്കുകയും ചെയ്യുന്നു ഇദ്ദേഹം. 
എന്താണ് ഇതിന് പ്രേരണയെന്ന ചോദ്യത്തിന്, ഞാനും ഇന്നല്ളെങ്കില്‍ നാളെ അവിടെ കിടക്കേണ്ടതാണെന്നും എന്‍െറ  നാട്ടുകാരും, ബന്ധുമിത്രാദികളും കിടക്കുന്ന ഇടവുമാണ് എന്നാണ് മറുപടി. സൂഖിലെ നാല്‍പതോളം പൂച്ചകള്‍ക്കുള്ള ഭക്ഷണവുമായാണ് ഇദ്ദേഹം എന്നും എത്താറുള്ളത്. 
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.