മസ്കത്ത്: ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെയും ബന്ദികളെ കൈമാറാനുള്ള തീരുമാനത്തേയും ഒമാൻ സ്വാഗതം ചെയ്തു. ഗസ്സയിലേക്ക് മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കരാർ സാധ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളെയും പിന്തുണ നൽകിയ മറ്റു സൗഹൃദ രാജ്യങ്ങളെയും അഭിനന്ദിക്കുകയാണെന്നും ഗസ്സ മുനമ്പിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് കരാർ സഹായിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ സമാധാനപ്പുലരിയിലേക്ക് നീങ്ങുന്ന കരാർ ജനുവരി 19 മുതലാണ് പ്രാബല്യത്തിൽ വരുക.
അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്. 42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേൽ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും.
വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും അഭയാർഥികളായ ഫലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.
ഗസ്സ പുനർനിർമാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലാണ് ഉണ്ടാവുക. ഗസ്സയിൽനിന്ന് ഘട്ടംഘട്ടമായി സൈനിക പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.