മസ്കത്ത്: 2050 ഓടെ ഒമാൻ സുൽത്താനേറ്റിൽ കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തോടെ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നിർദ്ദേശപ്രകാരം ഒമാൻ സർക്കാർ നടപ്പാക്കുന്ന ദേശീയ തന്ത്രപ്രധാന പദ്ധതിയായ ഒമാൻ നെറ്റ് സീറോ 2050 പുരോഗതിയിൽ. ഇതിന്റെ ഭാഗമായി നിലവിൽ ഒമാനിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 5,800 പിന്നിട്ടതായും ലക്ഷ്യം ഈ വർഷത്തോടെ 8,000 ഇ.വികൾ നിരത്തിലുണ്ടാകുമെന്നും ഒമാൻ സെൻറർ ഫോർ നെറ്റ് സീറോ ഡയറക്ടർ ജനറൽ മുഹ്സിൻ സുലൈമാൻ അൽ ജാബ്രി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളോട് ഒമാനിലെ ജനങ്ങൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ വളർച്ചയെന്നും, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനായി സുൽത്താനേറ്റ് നടത്തുന്ന വിപുലമായ ശ്രമങ്ങൾക്ക് ഇത് വലിയ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ഉപയോഗം രാജ്യത്തിന്റെ ദീർഘകാല സുസ്ഥിരതാ അജണ്ടക്ക് അനുയോജ്യമാണെന്നും പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ ഇത് സഹായിക്കുമെന്നും അൽ ജാബ്രി ചൂണ്ടിക്കാട്ടി.
2030-ഓടെ രാജ്യത്തെ വൈദ്യുതി ഉൽപാദനത്തിന്റെ 30 ശതമാനവും ഹരിത ഊർജ സ്രോതസ്സുകളിൽ നിന്നാക്കുകയാണ് സുൽത്താനേറ്റിന്റെ ലക്ഷ്യമെന്നും നിലവിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ ഒമ്പതു ശതമാനത്തോളം പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പാരീസ് ഉടമ്പടിയുടെ ഭാഗമായാണ് ‘ഒമാൻ നെറ്റ് സീറോ 2050’ എന്ന ചരിത്രപരമായ ദൗത്യം ഒമാൻ സുൽത്താനേറ്റ് ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ കാർബൺ പുറന്തള്ളൽ 33 ശതമാനം കുറക്കുകയാണ് ആദ്യ ലക്ഷ്യം. 2050-ഓടെ ഇതിൽ പൂർണത കൈവരിക്കും. വ്യാവസായിക, ഗതാഗത മേഖലകളിൽ നിന്നുള്ള കാർബൺ മലിനീകരണം പൂർണ്ണമായും ഇല്ലാതാക്കുകയോ തത്തുല്യമായ രീതിയിൽ അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കാനുള്ള സ്വാഭാവിക/സാങ്കേതിക മാർഗങ്ങൾ ഒരുക്കുകയോ ചെയ്യും. ഈ ലക്ഷ്യം കൈവരിക്കാനായി വൈദ്യുതി ഉത്പാദന മേഖലയിൽ പരമ്പരാഗത ഗ്യാസ് പ്ലാന്റുകൾക്ക് പകരം സോളാർ, വിൻഡ് (കാറ്റാടി) ഊർജ പദ്ധതികൾ വ്യാപിപ്പിക്കുകയും 2030-ഓടെ വൈദ്യുതിയുടെ 30 ശതമാനവും, 2050-ഓടെ 90 മുതൽ 100 ശതമാനം വരെയും പുനരുപയോഗ ഊർജത്തിൽ നിന്നാക്കുകയും ചെയ്യും.
ഒമാനെ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലെ ഏറ്റവും വലിയ പദ്ധതി. ഇതിനായി ‘ഹൈഡ്രോം’ എന്ന കമ്പനി രൂപീകരിച്ച് വലിയ നിക്ഷേപങ്ങൾ കൊണ്ടുവരുന്ന നടപടികൾ പുരോഗതിയിലാണ്. സുസ്ഥിര ഗതാഗത മേഖലയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചാർജിങ് സ്റ്റേഷനുകൾ രാജ്യവ്യാപകമാക്കുകയും ചെയ്യും. കൂടാതെ പൊതുഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കും.
വ്യവസായ മേഖലയുടെ കാര്യത്തിൽ എണ്ണ, വാതക ഉൽപാദന മേഖലകളിലും വൻകിട ഫാക്ടറികളിലും കാർബൺ പുറന്തള്ളൽ കുറക്കാനുള്ള സാങ്കേതികവിദ്യകൾ നിർബന്ധമാക്കും. ഊർജ്ജ കാര്യക്ഷമത വൈദ്യുതിയും ഇന്ധനവും പാഴാക്കുന്നത് തടയാൻ ‘കഫാഅ’ എന്ന പേരിൽ ദേശീയ ഊർജ കാര്യക്ഷമത പദ്ധതി നടപ്പിലാക്കി വരികയാണ്.
ഈ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനും വിലയിരുത്തലിനുമായി ഊർജ്ജ-ധാതു മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക കേന്ദ്രമാണ് ‘ഒമാൻ സെന്റർ ഫോർ നെറ്റ് സീറോ’. കൂടാതെ, അന്താരാഷ്ട്ര തലത്തിൽ കാർബൺ ക്രെഡിറ്റ് വ്യാപാരം സുഗമമാക്കാനുള്ള നിയമ ചട്ടക്കൂടുകളും ഒമാൻ തയാറാക്കിയിട്ടുണ്ട്. ഭാവിയിൽ പരിസ്ഥിതി മലിനീകരണമില്ലാത്ത, പൂർണമായും ഹരിത ഊർജത്തെ ആശ്രയിക്കുന്ന ഒരു ആധുനിക സമ്പദ്‌വ്യവസ്ഥയായി ഒമാനെ മാറ്റിയെടുക്കാനുള്ള ബൃഹദ് പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.