കൈക്കൂലിക്കെതിരെ നിയമം കടുപ്പിച്ച് ഒമാൻ

മസ്കത്ത്: രാജ്യത്തെ അഴിമതി വിരുദ്ധ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി കൈക്കൂലിക്കെതിരെയുള്ള നിയമപരിധി സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ഒമാൻ സുൽത്താനേറ്റ് സുപ്രധാന നിയമപരിഷ്കാരം കൊണ്ടുവന്നു. റോയൽ ഡിക്രി നമ്പറായ 36/2023 പ്രകാരമാണ് ഈ പുതിയ ഭേദഗതി. ഒമാന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ വലിയൊരു നാഴികക്കല്ലായ പുതിയ ഭേദഗതി പ്രകാരം ഒമാനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവടങ്ങളിൽ നടക്കുന്ന കൈക്കൂലി ഇടപാടുകളെ പീനൽ കോഡിന്റെ പ്രത്യേക അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരിഷ്കാരത്തിന്റെ ഭാഗമായി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 146-ഉം ഇതിന് വിരുദ്ധമായ മറ്റ് വകുപ്പുകളും റദ്ദാക്കി.

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സാധാരണ ജീവനക്കാർ എന്നിവർക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനോ അല്ലെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ വേണ്ടി നേരിട്ടോ അല്ലാതെയോ സമ്മാനങ്ങൾ, വാഗ്ദാനങ്ങൾ, അല്ലെങ്കിൽ മറ്റ് ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. ഔദ്യോഗിക ചുമതല ലംഘിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങൾക്കും അല്ലാത്തവക്കും പ്രത്യേകം കർശനമായ ശിക്ഷകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്

ഔദ്യോഗിക ചുമതലകൾ ലംഘിച്ച് കൈക്കൂലി വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്യുന്ന വ്യക്തിക്ക് ഒന്നു മുതൽ മൂന്നു വർഷം വരെ തടവും, കൈപ്പറ്റിയതോ വാഗ്ദാനം ചെയ്യപ്പെട്ടതോ ആയ തുകക്ക് തുല്യമായ തുകയിൽ കുറയാത്ത പിഴയും ലഭിക്കും. ജീവനക്കാരന്റെ സാധാരണ ചുമതലകളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ ചെയ്യുന്നതിനോ ചെയ്യാതിരിക്കുന്നതിനോ വേണ്ടിയാണ് കൈക്കൂലി വാങ്ങുന്നതെങ്കിൽ ശിക്ഷ കൂടുതൽ കടുക്കും. ഇതിന് കുറഞ്ഞത് മൂന്നു വർഷം മുതൽ പരമാവധി അഞ്ചു വർഷം വരെ തടവും ഒപ്പം കനത്ത സാമ്പത്തിക പിഴയും ഈടാക്കും.

കൈക്കൂലി മറുവിഭാഗം നിരസിച്ചാൽ പോലും വാഗ്ദാനം ചെയ്ത വ്യക്തി കുറ്റക്കാരനാകും. സ്വകാര്യ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കോ ജീവനക്കാർക്കോ കൈക്കൂലി നൽകാൻ ശ്രമിക്കുന്നവർക്ക് മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കൈക്കൂലി ഇടപാടുകൾക്ക് വഴിയൊരുക്കുന്ന ഇടനിലക്കാർക്കും പ്രധാന കുറ്റവാളികൾക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ലഭിക്കും.അതേസമയം, അഴിമതികളെക്കുറിച്ച് മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വകുപ്പുകളും ഈ നിയമത്തിലുണ്ട്. കുറ്റം അധികാരികൾ കണ്ടെത്തുന്നതിന് മുമ്പു തന്നെ കൈക്കൂലി നൽകിയ ആളോ ഇടനിലക്കാരനോ വിവരം അറിയിച്ചാൽ അവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. കുറ്റം കണ്ടെത്തിയതിന് ശേഷമാണ് കുറ്റസമ്മതം നടത്തുന്നതെങ്കിൽ, ശിക്ഷാ കാലാവധി നിശ്ചയിക്കുമ്പോൾ കോടതിക്ക് അത് ഇളവുകൾക്കായി പരിഗണിക്കാം.

Tags:    
News Summary - Oman tightens law against bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.