മസ്കത്ത്: ആശങ്കയുണർത്തി തുടർച്ചയായ നാലാം ദിവസവും ഒമാനിൽ ആയിരത്തിന് മുകളിൽ ആളുകൾക്ക് കോവിഡ്. 1404 പേർക്കാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന രോഗബാധയാണിത്. 3596 പേരുടെ രോഗ പരിശോധനാ ഫലമാണ് പുറത്തുവിട്ടത്. പുതിയ രോഗികളിൽ 1004 പേർ പ്രവാസികളാണ്. പ്രവാസികളുടെ എണ്ണം ആദ്യമായാണ് ആയിരത്തിന് മുകളിൽ എത്തുന്നത്. ഇതോടെ, രാജ്യത്തെ മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 23,481 ആയി. 924 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.
ഇതോടെ, അസുഖം സുഖപ്പെട്ടവരുടെ എണ്ണം 8454 ആയി. അഞ്ചുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 104 ആയി. 14,923 പേരാണ് നിലവിൽ അസുഖബാധിതരായത്. 39 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 313 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ നൂറുപേരാണുള്ളത്. പുതിയ രോഗികളിൽ 1093 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 17,405 ആയി.
മരണപ്പെട്ടതിൽ 81പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. 407 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത വിലായത്ത് സീബ് ആയി. സീബിൽ ഇപ്പോൾ 5677 രോഗികളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മത്രയിൽ ഇതുവരെ 5666 പേർക്കാണ് രോഗബാധയുണ്ടായത്. മത്രയിൽ 244 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ദോഫാർ ഗവർണറേറ്റിൽ ഒരൊറ്റ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി ഉയരുകയും ചെയ്തു. ശനിയാഴ്ച മുതൽ ലോക്ഡൗൺ തുടങ്ങിയ ദോഫാറിൽ 82 പുതിയ വൈറസ് ബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.