മസ്കത്ത്: ബിജീഷിനും സുജിത്തിനും ഒമാനിൽ അന്ത്യനിദ്രയൊരുങ്ങുന്നു. മാർച്ച് 22ന് ഇ ബ്രിക്കടുത്ത ഖുബാറയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ (വാദി) സഞ്ചരിച്ച കാർ ഒഴുക്കിൽപെ ട്ടാണ് കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നനും (31) കണ്ണൂർ തലശ്ശേ രി എരഞ്ഞോളി സ്വദേശി മാറോളി പുത്തൻപുരയിൽ രവീന്ദ്രെൻറ മകൻ ബിജീഷും (37) മരിച്ചത്. കോവി ഡ് പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള വിമാന സർവിസുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് മൃതദേഹങ്ങൾ ഒമാനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് സുഹാർ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി പി.എം ജാബിർ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകുന്നതിനായി പല സാധ്യതകളും തേടിയിരുന്നെങ്കിലും നടക്കാതിരുന്നതിനെ തുടർന്നാണ് ഒമാനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച അന്തിമ അനുമതി ഞായറാഴ്ച രാവിലെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജാബിർ പറഞ്ഞു. പ്രവാസി സമൂഹത്തിൽ ഏറെ നൊമ്പരമുണർത്തിയതാണ് ഇരുവരുടെയും മരണങ്ങൾ. ഇബ്രിക്കടുത്ത് അറാഖിയിൽ സൂപ്പർമാർക്കറ്റ് നടത്തിവരുകയായിരുന്നു ഇരുവരും.
അംല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ വാഹനം ഒഴുക്കിൽപെട്ടത്. ന്യൂനമർദത്തെ തുടർന്നുള്ള കനത്ത മഴയിൽ രാത്രി റോഡിന് കുറുകെ നിറഞ്ഞൊഴുകിയ വാദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. വാഹനം ഒഴുക്കിൽപെട്ടതോടെ ഇവർ സുഹൃത്തുക്കളെ വിളിച്ച് രക്ഷാ അഭ്യർഥന നടത്തുകയും മാപ്പ് അടക്കം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കനത്ത മഴക്കും ഇടിമിന്നലിനുമൊപ്പം ഇവരുടെ വാഹനം എവിടെയാണ് എന്നത് കൃത്യമായി മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. രാത്രി ഒമ്പതുമണി വരെ ഇവർ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് കാറിെൻറ ചില്ല് പൊട്ടി വെള്ളം ഉള്ളിൽ കയറി ഇവർ ഒലിച്ചുപോവുകയായിരുന്നെന്ന് കരുതുന്നു.
അപകടവിവരമറിഞ്ഞ് റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. എംബസി അധികൃതരും ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. 23 ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിൽ കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുജിത്തിെൻറ ഭാര്യ അനൂജയും നാലുവയസ്സുള്ള കുട്ടിയും വിസിറ്റിങ് വിസയിൽ ഒമാനിലുണ്ട്. ചൈതന്യയാണ് ബിജീഷിെൻറ ഭാര്യ. ഒമ്പതുവയസ്സുള്ള കുട്ടിയുമുണ്ട്. ഇവരും ഒമാനിലുണ്ട്. ബിസിനസിലെ തളർച്ചയടക്കം കാരണങ്ങളാൽ ബിജീഷ് കഴിഞ്ഞ മൂന്നുവർഷമായി നാട്ടിൽ പോയിരുന്നില്ല. പിതാവ് രവീന്ദ്രൻ മകെൻറ മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കൊണ്ടുവരാൻ ഒരു വഴിയുമില്ലാത്തതിനാൽ ഒമാനിൽതന്നെ സംസ്കരിക്കാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.