​മേഖലയിലെ സംഘർഷം കുറക്കാൻ രാഷ്ട്രീയ പരിഹാരം അനിവാര്യമെന്ന് ഒമാനും ജപ്പാനും

മസ്കത്ത്: മിഡിൽ ഈസ്റ്റ് മേഖലയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്ക് അടിയന്തിരമായി രാഷ്ട്രീയ പരിഹാരം കാണേണ്ടതുണ്ടെന്ന് ഒമാനും ജപ്പാനും വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിലൂ​ടെയും രാജ്യാന്തര നിയമങ്ങളെ ബഹുമാനിക്കുന്നതിലൂടെയും മാത്രമേ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ സ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്ന് ഇരുരാജ്യങ്ങളും ഓർമിപ്പിച്ചു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയും മസ്കത്തിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ഊർജ വിതരണത്തിന്റെ പ്രധാന ഇടനാഴിയായ ഹുർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതവും സുരക്ഷിതമായ ചരക്കുനീക്കവും ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇരു വിദേശകാര്യ മന്ത്രിമാരും ആവശ്യപ്പെട്ടു.

 

മേഖലയിൽ കൂടുതൽ സംഘർഷങ്ങളോ യുദ്ധസാഹചര്യങ്ങളോ ഉണ്ടാകുന്നതിനെ ഒമാൻ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കിയ സയ്യിദ് ബദർ, പാർശ്വവൽക്കരണ നയങ്ങളും രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങളുമാണ് മേഖലയിലെ അസ്ഥിരതക്ക് കാരണമെന്നും, കടുത്ത നിയന്ത്രണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന അടിത്തറ സാമ്പത്തിക സഹകരണമാണെന്ന് സയ്യിദ് ബദർ വ്യക്തമാക്കി. വിശ്വാസ്യതയിലും യാഥാർഥ്യബോധത്തിലും ഊന്നിയുള്ള നയതന്ത്ര പങ്കാളിത്തങ്ങൾക്ക് ആഗോളതലത്തിൽ പ്രാധാന്യമേറിക്കൊണ്ടിരിക്കുകയാണ്. നീതിയിലും സമാധാനപരമായ ചർച്ചകളിലും അധിഷ്ഠിതമായ പരിഹാരങ്ങൾക്കായി ജപ്പാനുമായും മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന് ഒമാൻ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിലെ ഊർജം, പുനരുപയോഗ ഊർജം, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ജപ്പാൻ കമ്പനികൾ കൂടുതൽ പങ്കാളികളാകുന്നതിനെ ഒമാൻ സ്വാഗതം ചെയ്തു. ഒപ്പം ജപ്പാനും ജി.സി.സി രാജ്യങ്ങളും തമ്മിൽ പുരോഗമിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ ഉടൻ തന്നെ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ഒമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ കരാർ യാഥാർഥ്യമാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വിതരണ ശൃംഖലയുടെ സുരക്ഷയും വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രതിരോധശേഷിയും ഊർജ സുരക്ഷയും ശക്തമാക്കുന്നതിനായി ഒമാനുമായി ചേർന്ന് സമഗ്രമായ സഹകരണ പദ്ധതിക്ക് ജപ്പാൻ രൂപം നൽകുന്നതായി ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി വ്യക്തമാക്കി.

ഒമാനും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഒമാൻ ദീർഘകാലമായി ജപ്പാന് നൽകിവരുന്ന ക്രൂഡ് ഓയിൽ, എൽ.എൻ.ജി എന്നിവയുടെ സുരക്ഷിതമായ വിതരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. പരമ്പരാഗത ഊർജ സ്രോതസ്സുകൾക്ക് പുറമെ, ഭാവി ഊർജ വിപണി ലക്ഷ്യമിട്ട് ഹരിത ഹൈഡ്രജൻ, അമോണിയ എന്നിവ ഉൾപ്പെടെയുള്ള ക്ലീൻ എനർജി മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഇറാനുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സാഹചര്യങ്ങൾ അതീവ നിർണായക ഘട്ടത്തിലാണെന്ന് ജാപ്പനീസ് മന്ത്രി ഓർമിപ്പിച്ചു. മേഖലയിലെ പിരിമുറുക്കങ്ങൾ എത്രയും വേഗം കുറക്കാനും, ആഗോള വ്യാപാര പാതകളായ ഹുർമുസ് കടലിടുക്ക്, ബാബുൽ മന്ദബ് കടലിടുക്ക് എന്നിവയിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ വിഷയങ്ങളിൽ ഒമാനുമായുള്ള നയതന്ത്ര ഏകോപനം ശക്തമായി തുടരുമെന്നും ജപ്പാൻ വ്യക്തമാക്കി.

Tags:    
News Summary - Political solution essential to de-escalate regional tensions: Oman and Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.