മസ്കത്ത്: ‘ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫോറം 2025’ന് ചൊവ്വാഴ്ച ലണ്ടനിൽ തുടക്കമാവും. ഒമാനിന്റെ സാമ്പത്തികസ്ഥിരത, സാമ്പത്തിക പരിവർത്തനം, നിക്ഷേപാവസരങ്ങൾ എന്നിവ ആഗോള നിക്ഷേപകർക്ക് പരിചയപ്പെടുത്തുന്നതിനായാണ് ഒമാൻ-ബ്രിട്ടീഷ് സ്ട്രാറ്റജിക് കൺസൾട്ടേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിക്കുന്നത്.
നികുതി അതോറിറ്റി ചെയർമാനും ഒമാൻ-ബ്രിട്ടീഷ് സ്ട്രാറ്റജിക് കൺസൾട്ടേഷൻ ടീമിലെ ഒമാൻ മേധാവിയുമായ നാസർ ഖമീസ് അൽ ജഷ്മി ഫോറത്തിൽ പങ്കെടുക്കും. വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഫോറത്തിൽ സാന്നിധ്യമറിയിക്കും.
നിക്ഷേപക ഫോറം ഒമാന്റെ ധനകാര്യസ്ഥിതി സംബന്ധിച്ച നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുകയും സർക്കാർ പിന്തുടരുന്ന ധനകാര്യ, നിക്ഷേപ, സാമ്പത്തികനയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ഒമാനെ നിക്ഷേപക സൗഹൃദരാജ്യമായി കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതികളും സംരംഭങ്ങളും അവതരിപ്പിക്കും.
ഫോറത്തിൽ സാമ്പത്തിക സുസ്ഥിരതയുടെ ദിശകൾ, സാമ്പത്തിക പരിഷ്കാരത്തിന്റെ ഘട്ടങ്ങൾ ഉൾപ്പെടെ ഒമാന്റെ സാമ്പത്തിക രൂപമാറ്റത്തിലെ പ്രധാന മേഖലകൾ ചർച്ചചെയ്യപ്പെടും. കൂടാതെ, രാജ്യത്തിലെ മൂലധന വിപണികളുടെ വളർച്ച, വിദേശ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ നിയമപരമായ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളും നിക്ഷേപകർക്കായി അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.