ഒമാനും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ കൺസൾട്ടേഷൻ ടീമിന്റെ യോഗം ന്യൂഡൽഹിയിൽ നടന്നപ്പോൾ
മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ കൺസൾട്ടേഷൻ ടീമിന്റെ 13ാമത് യോഗം ന്യൂഡൽഹിയിൽ നടന്നു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയും ഇന്ത്യൻ പക്ഷത്തെ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്പോർട്ട്, വിസ, വിദേശ ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും നയിച്ചു.
വിവിധ സാമ്പത്തിക മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു കക്ഷികളും അവലോകനം ചെയ്തു. വ്യാപാരവും നിക്ഷേപ വിനിമയവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും എടുത്തുകാട്ടി. ഒമാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം 2025ൽ ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
ശൈഖ് ഖലീഫ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. ഭാവിയിലെ സഹകരണത്തെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. ഒമാനി-ഇന്ത്യ ബന്ധത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും ശൈഖ് ഖലീഫ പ്രശംസിച്ചു. നവീകരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.