മസ്കത്ത്: ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയിൽനിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനിൽനിന്നുള്ള തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു മിഷൻ നൽകിയത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമരി, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ അൻസി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സുൽത്താൻ ബിൻ സഈദ് അൽ ഹിനായി ആയിരുന്നു സംഘത്തെ നയിച്ചിരുന്നത്. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേരായിരുന്നു ഹജ്ജ് നിർവഹിച്ചത്. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളുമടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.