ഒമാൻ ക്ലൈമറ്റ് വീക്കിന് തിങ്കളാഴ്ച തുടക്കം; അമ്പതിലേറെ രാജ്യങ്ങൾ പങ്കെടുക്കും

മസ്കത്ത്: കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനും സുസ്ഥിര വികസന പ്രായോഗിക പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഒമാൻ ക്ലൈമറ്റ് വീക്ക് 2026’ സെപ്തംബർ 14 മുതൽ 16 വരെ മസ്കത്തിൽ നടക്കും. ഒമാൻ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഒത്തുചേരും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 25,000-ത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം പ്രദർശകരും പ്രഭാഷകരും പരിപാടിയുടെ ഭാഗമാകും.

ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്കും പാരീസ് കാലാവസ്ഥാ കരാറിനും അനുസൃതമായാണ് ഉച്ചകോടി രൂപകൽപന ചെയ്തിരിക്കുന്നത്. കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റവും, രാജ്യത്തിന്റെ ‘നെറ്റ്-സീറോ’ ലക്ഷ്യങ്ങളും മുൻനിർത്തി സർക്കാർ-സ്വകാര്യ മേഖലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ ചർച്ചകൾക്ക് ഒമാൻ ക്ലൈമറ്റ് വീക്ക് വേദിയൊരുക്കും. പ്രമുഖ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാരും നയരൂപ കർത്താക്കളും പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പ്രായോഗിക പരിശീലന പരിപാടികൾ, സുപ്രധാന കരാർ ഒപ്പിടലുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

ഊർജം, ജലം, പരിസ്ഥിതി മേഖലകളിലെ അത്യാധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനവും യുവാക്കൾക്കായി ക്ലൈമറ്റ് ഹാക്കത്തോണും സംഘടിപ്പിക്കും കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ വുമൺ ആൻഡ് ക്ലൈമറ്റ് കോൺഫറൻസ്, യൂത്ത് ആൻഡ് ക്ലൈമറ്റ് കോൺഫറൻസ് എന്നിവയും ഇതോടൊപ്പം നടക്കും. മേളയുടെ ഭാഗമായി കമ്മ്യൂണിറ്റി തലത്തിൽ വിപുലമായ പരിസ്ഥിതി കാമ്പയിനുകൾക്കും തുടക്കമാകും. മരം നടീൽ പദ്ധതിയായ ‘ഗ്രീൻ ലെഗസി ഒമാൻ’, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണത്തിനായുള്ള ‘പ്ലാസ്റ്റിക് ഫ്രീ ഒമാൻ’, മരുഭൂമിയിലെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന ‘രിമാലൂന’, കടൽത്തീര സംരക്ഷണത്തിനായുള്ള ‘സാഹിലൂന’ എന്നീ പദ്ധതികളിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Oman Climate Week to Begin Monday; Over 50 Countries to Participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.