സൈബർ സുരക്ഷാ രംഗത്തെ സഹകരണത്തിന് ഒമാനും കുവൈത്തും

മസ്കത്ത്: ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൈബർ സുരക്ഷാ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ നടന്ന ഒമാൻ-കുവൈത്ത് സംയുക്ത സമിതിയുടെ പതിനൊന്നാമത് യോഗത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും നിർദേശപ്രകാരം, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയടെയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന്റെയും അധ്യക്ഷതയിലായിരുന്നു യോഗം. കയറ്റുമതി-ഇറക്കുമതി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാര മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സ്റ്റാൻഡേർഡൈസേഷൻ സംബന്ധിച്ച എക്സിക്യൂട്ടീവ് പ്രോഗ്രാമിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

 

സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ശാസ്ത്ര മേഖലകളിൽ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കാനും പരസ്പര പങ്കാളിത്തം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളുടെയും നേതൃത്വം നൽകിയ സുപ്രധാന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യോഗമെന്ന് സയ്യിദ് ബദർ പറഞ്ഞു. സംയുക്ത സമിതി യോഗങ്ങൾ കൃത്യമായി ചേരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധത്തെ കൂടുതൽ ഉന്നതവും സമഗ്രവുമായ തലങ്ങളിലേക്ക് നയിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമാനും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 55 ആം വാർഷികാ ആഘോഷ വേളയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയെയും വികാസത്തെയുമാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢമായ ചരിത്രപരമായ ബന്ധത്തിന്റെ തുടർച്ചയാണിത്. ഒരേ ലക്ഷ്യങ്ങളിലും സമാനമായ കാഴ്ചപ്പാടുകളിലും അധിഷ്ഠിതമായ പൊതുവായ താൽപര്യങ്ങളാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര ബഹുമാനവും നിർമാണാത്മകമായ സഹകരണവും കൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ജി.സി.സി രാജ്യങ്ങൾക്ക് തന്നെ മാതൃകയാണെന്ന് ഇരു മന്ത്രിമാരും ചൂണ്ടിക്കാട്ടി.

 

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ജി.സി.സി വിഭാഗം മേധാവി ശൈഖ് അഹമ്മദ് ഹാഷിൽ അൽ മസ്കരി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് ആമിർ അൽ ഖറൂസി, കുവൈത്തിലെ ജി.സി.സി കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹമദ് റാഷിദ് അൽ മർറി, ഒമാനിലെ കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് നാസർ അൽ ഹജ്രി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Oman and Kuwait to cooperate in cyber security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.