ഒമാൻ സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയത്തിന്റെയും അറബ് ലീഗിന്റെ അറബ്
മ്യൂസിക് അക്കാദമിയുടെയും പ്രതിനിധികൾ ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ
മസ്കത്ത്: സംഗീതം, പാട്ട്, നാടൻകലകൾ എന്നിവയിലെ സാംസ്കാരിക സഹകരണം വികസിപ്പിക്കുന്നതിനായി സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയവും അറബ് ലീഗിന്റെ അറബ് മ്യൂസിക് അക്കാദമിയും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.
ഒമാനെ പ്രതിനിധീകരിച്ച് സാംസ്കാരിക അണ്ടർസെക്രട്ടറി സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി, അക്കാദമി സെക്രട്ടറി ജനറൽ ഡോ. കിഫാഹ് ഫഖൂരി എന്നിവർ കരാറിൽ ഒപ്പുവെച്ചു.
സംഗീതോത്സവങ്ങളും കലാപരിപാടികളും സംയുക്തമായി സംഘടിപ്പിക്കുക, കലാഫോറങ്ങളും പരിശീലന പരിപാടികളും നടത്തുക, സംഗീത ബാൻഡുകളും ലൈബ്രറികളും രൂപീകരിക്കുക, കലാകാരന്മാരുടെയും വിദഗ്ധരുടെയും പരസ്പര വിനിമയം തുടങ്ങിയവയിൽ സഹകരണം എന്നിവ ഉറപ്പാക്കും. അതോടൊപ്പം ശാസ്ത്രീയ, ശബ്ദ-ദൃശ്യവസ്തുക്കളുടെ വിനിമയത്തിലൂടെയും അറബ് സാംസ്കാരിക രംഗത്തെ സമ്പുഷ്ടമാക്കുകയുമാണ് ലക്ഷ്യം.
ഒമാനിലെയും മറ്റു അറബ് രാജ്യങ്ങളിലെയും കലാകാരന്മാരെ ഉൾപ്പെടുത്തി സംയുക്ത കലാസൃഷ്ടികൾ ഒരുക്കുന്നതിനും ഒമാന്റെ നാടൻകലകളെ ആഗോള വേദികളിൽ അവതരിപ്പിക്കാൻ അനുയോജ്യമായ സംഗീതരൂപങ്ങളാക്കുന്നതിനും ഈ കരാർ പ്രോത്സാഹനം നൽകും. ‘സമ്പന്നമായ അറബ് സംഗീത പൈതൃകം സംരക്ഷിച്ച് ഭാവിതലമുറക്കായി നിലനിർത്താനും ആ പൈതൃകത്തിൽനിന്നുള്ള പുതിയ സൃഷ്ടികൾക്ക് പ്രചോദനമാകാനും ഈ സഹകരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് മ്യൂസിക് അക്കാദമി പ്രസിഡന്റ് ഡോ. ഇൻസ് അബ്ദുൽ ദായിം പറഞ്ഞു:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.