നോർക്ക കെയർ ഒറ്റനോട്ടത്തിൽ

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു അവർക്ക് ഒരു ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക എന്നത്. അതിനുള്ള പ്രതികരണമായി നമ്മുടെ കേരള സർക്കാർ അടുത്തിടെ നടപ്പാക്കിയ പദ്ധതിയാണ് നോർക്ക കെയർ ഇൻഷുറൻസ്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രതീക്ഷയും ഗുണകരവുമാകുന്ന പദ്ധതിയാണ് നോർക്ക കെയർ എന്നുപറയാം.

നവംബർ ഒന്നുമുതൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രധാന സവിശേഷതകളെന്നു പറയാവുന്നത് 18 വയസ്സു മുതൽ 70 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ ഒരേ തുക മതി എന്നുള്ളതാണ്. കൂടാതെ മെഡിക്കൽ ചെക്കപ്പുകൾ, മെഡിക്കൽ ഡിക്ലറേഷൻ എന്നിവ ആവശ്യമില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. ഈ പദ്ധതിയുടെ കവറേജ് 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് ആണ്. മറ്റൊന്ന് p.e.d അഥവാ നമുക്ക് ഇൻഷുറൻസ് ചേരുന്നതിനുമുമ്പ് ഏതെങ്കിലും രീതിയിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് ഈ പദ്ധതിയിൽ ചേരുന്നതിന് തടസ്സമല്ല എന്നുള്ളതും ഈ പദ്ധതിയുടെ മാത്രം പ്രത്യേകതയായി നമുക്ക് പറയാം.

ഈ പദ്ധതിപ്രകാരം അവയവ മാറ്റം ഉൾപ്പെടെയുള്ള ചികിത്സകൾക്ക് 5 ലക്ഷം രൂപ വരെ ലഭിക്കും എന്നുള്ളതാണ്. പദ്ധതിയിൽ ചേരുന്ന ഒരു കുടുംബത്തിലെ അതായത് അപ്പനും അമ്മക്കും രണ്ടു മക്കൾക്കും കൂടി ആവശ്യമായിവരുന്ന പ്രീമിയം 13411 രൂപയാണ്. കേരളത്തിലെ അഞ്ഞൂറിൽപരം പ്രമുഖ ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭിക്കും എന്നാണ് നോർക്ക കെയർ അവകാശപ്പെടുന്നത്.

അതിനോടൊപ്പം ആയുഷ് ചികിത്സക്ക് അമ്പതിനായിരം രൂപ വരെ ലഭിക്കും. ഇന്ത്യയിലെ പതിനാറായിരത്തിൽ അധികം ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് നോർക്ക അറിയിക്കുന്നു. അഡ്മിഷനു മുമ്പുള്ള 30 ദിവസത്തെയും ശേഷമുള്ള 60 ദിവസത്തെയും മെഡിക്കൽ ചെലവുകൾ 5000 രൂപ വരെ ലഭിക്കുമെന്നുമാണ് നോർക്ക ഈ പദ്ധതിയിൽ പറയുന്നത്. കൂടാതെ നവജാതശിശുക്കളെ ജനിച്ച ദിവസം മുതൽ ഫാമിലി ഗ്രൂപ്പിൽ ഉൾപ്പെടുത്താവുന്നതാണ് എന്നും പറയുന്നുണ്ട്.

ഈ പറയുന്ന ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും ഏതൊരു പദ്ധതിയും പുതിയതായിത്തുടങ്ങുമ്പോൾ അതിന്റെതായ ന്യൂനതകളും ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ഗൾഫ് പ്രവാസികളെ ആയിരിക്കും ഈ പദ്ധതികൊണ്ട് ഏറ്റവും കൂടുതൽ ലക്ഷ്യംവെക്കുന്നത് എന്നും നമുക്കറിയാം. അതുകൊണ്ടുതന്നെ തികച്ചും സാധാരണക്കാരായ ഗൾഫിലെ പ്രവാസികൾക്ക് ഇതിൽനിന്നും ഉണ്ടാകാവുന്ന ചില ബുദ്ധിമുട്ടുകൾ ന്യൂനതകളായി നമുക്ക് എടുത്തുപറയാം എന്ന് കരുതുകയാണ്.

ആയതിലേക്ക് പ്രവാസി സമൂഹം നിരവധി നിർദേശങ്ങളും ആശങ്കകളും മുന്നോട്ടുവെക്കുന്നു. ഗൾഫിൽ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ മാതാപിതാക്കളുടെ ആരോഗ്യവും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. നിലവിലെ നിബന്ധനകൾ പ്രകാരം പ്രവാസികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടില്ലെന്നത് വളരെ പ്രധാനപ്പെട്ട ഒരു കുറവായി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഒക്ടോബർ അവസാനംവരെ മാത്രമുള്ള കാലാവധി ഒഴിവാക്കി ഏതു സമയത്തും പദ്ധതിയിൽ ചേരാനുള്ള സൗകര്യം അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.

മാത്രമല്ല ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക സാധാരണക്കാരന് താങ്ങാനാകാത്തവിധം കൂടുതലാണെന്ന വിമർശനവുമുണ്ട്. നാല് അംഗങ്ങൾക്ക് 13411 രൂപയും മൂന്നാമത്തെ കുട്ടിക്ക് 4130 രൂപയും അധികമായി അടക്കേണ്ടതായതിനാൽ, മൂന്നും നാലും മക്കളുള്ള നിരവധി കുടുംബങ്ങൾ ഈ പദ്ധതിയിൽ നിന്നും പിന്നോട്ടുപോയതായും വ്യക്തമാക്കുന്നു. മറ്റൊന്ന് ‘നോ ക്ലെയിം ബെനഫിറ്റ്’ ആയി റസ്റ്റോറേഷൻ തുക മറ്റു കമ്പനികൾ നൽകുന്നതുപോലെ ലഭ്യമാക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. പ്രവാസി ഐ.ഡിക്കായി ഏർപ്പെടുത്തിയ 408 രൂപ കുറക്കുകയും മൂന്നു വർഷം എന്ന കാലാവധി എടുത്തുമാറ്റി അതിനെ ലൈഫ്‌ലോങ് കാർഡായി അംഗീകരിക്കണമെന്നും അഭ്യർഥിക്കുന്നു.

ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന പരമാവധി തുകയായ 5 ലക്ഷം രൂപ കുറഞ്ഞതാണെന്നും അധിക പ്രീമിയം അടക്കാൻ സൗകര്യമുള്ളവർക്ക് കൂടുതൽ തുകക്ക് ഇൻഷുറൻസ് എടുക്കാനുള്ള അവസരം ഒരുക്കണമെന്നും അഭിപ്രായമുണ്ട്. സാമ്പത്തിക ശേഷിയുള്ളവർക്ക് കൂടുതലായ കവറേജ് ലഭ്യമാക്കാൻ പദ്ധതിയെ കൂടുതൽ ഫ്ലെക്സിബിൾ ആക്കണമെന്നും ആവശ്യപ്പെടുന്നു.

മറ്റ് കമ്പനികളിൽ നിലവിൽ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്ക്, അതിന്റെ കാലാവധി തീരുമ്പോൾ നോർക്ക കെയറിലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം നൽകണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. പ്രവാസി ജോലി അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയാലും ഇൻഷുറൻസ് തുടരാൻ കഴിയുന്ന വിധത്തിലുള്ള സംവിധാനം വേണം . ഇതിൽ പരമപ്രധാനമായ മറ്റൊരാവശ്യം സാധാരണക്കാരായ പ്രവാസികൾക്ക് ഒരു അസുഖം ബാധിച്ചാൽ പെട്ടെന്ന് നാട്ടിൽ പോയി ചികിത്സ തേടുക എന്നുള്ളത് സാധാരണക്കാരായ പ്രവാസികളുടെ കാര്യത്തിൽ അങ്ങേയറ്റം അപ്രായോഗികമാണ്.

ആയതുകൊണ്ട് വിദേശത്തുള്ള പ്രധാനപ്പെട്ട ആശുപത്രികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളായി മാറുന്നത്‌ ഏറ്റവുമധികം വരുന്ന സാധാരണ ജോലിക്കാരായ പ്രവാസികളാണ് അതുകൊണ്ടുതന്നെ പ്രീമിയം amount കുറച്ചുകൊണ്ട് കൂടുതൽ ഗുണങ്ങൾ കിട്ടുന്ന രീതിയിലേക്ക് മാറ്റം വരുത്തുകയും സർക്കാറിന്റെ മുൻകാല പദ്ധതികൾപോലെ തുടക്കത്തിൽ കാണിക്കുന്ന ആവേശം മാത്രമലയി ചുരുങ്ങാതെ ഈ പദ്ധതിയെങ്കിലും പ്രവാസികൾക്ക് പ്രയോജനപ്പെടുന്നതാകട്ടെ എന്നും ആഗ്രഹിക്കുന്നു.

Tags:    
News Summary - Norka Care at a glance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.