മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായുണ്ടായ കനത്ത മഴയിൽ ഫെബ്രുവരിയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ. കഴിഞ്ഞമാസം രണ്ടാം വാരത്തിലുണ്ടായ മഴയിൽ ഏഴുപേരും 29 നുണ്ടായ കാലവർഷക്കെടുതിയിൽ രണ്ടുപേരുമാണ് മരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇതിനു പുറമെ ഇബ്രിൽ ഒഴുക്കിൽപ്പെട്ട് ഒരുമലയാളിയും മരിച്ചു.
ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിലെ വാദിയിലകപ്പെട്ട് ഒരു സ്ത്രീ, ജബൽ അഖ്ദറിൽ വാദിയിൽ കുടുങ്ങി രണ്ടുപേർ, ദാഹിറ ഗവർണറേറ്റിലെ യാങ്കൂൾ വിലായത്തിലെ വാദി ഗയ്യയിൽ അകപ്പെട്ട് മറ്റൊരാൾ, റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ അകപ്പെട്ട് മൂന്നു കുട്ടികളെന്നിവരാണ് ആദ്യ മഴയിൽ മരിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെയുണ്ടായ മഴയിൽ ഇബ്രി വിലായത്തിലെ വാദിയിൽ അകപ്പെട്ട് രണ്ട് കുട്ടികളും മുങ്ങിമരിക്കുകയുണ്ടായി. ഏഴും 11ഉം വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവൻപൊലിഞ്ഞവയിൽ പകുതിയിലേറെയും കുട്ടികളാണ്.
ഇടക്കിടക്ക് പ്രകൃതിക്ഷോഭങ്ങൾക്ക് വിധേയമാകാറുള്ള രാജ്യമാണ് ഒമാൻ. ഇതിനെ നേരിടുന്നതിനായി ആധുനിക രീതിയിലുള്ള കാലാവസ്ഥാമുന്നറിയിപ്പു സംവിധാനവും സൗകര്യവുമാണ് രാജ്യത്തൊരുക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള മികച്ച മുന്നൊരുക്കം തന്നെയാണ് വലിയ ദുരന്തങ്ങളിൽനിന്ന് രാജ്യത്തിനു തുണയാകാറുള്ളത്. അധികൃതർ നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ സ്വദേശികളും വിദേശികളുമടക്കമുള്ള ഭൂരിഭാഗംപേരും പാലിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ, അപൂർവമായിട്ടെങ്കിലും ചിലർ ഇത്തരം നിർദ്ദേശങ്ങൾ ലംഘിക്കുകയും വാദികളിൽ ഇറങ്ങുന്നതുമാണ് അപകടത്തിലേക്ക് നയിക്കുന്നതെന്ന് ദുരന്തമേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. കനത്ത മഴയുടെ പശ്ചാതലത്തിൽ കുട്ടികളെ നിരീക്ഷണമെന്നും വെള്ളക്കെട്ടുകളിൽ നീന്താൻ അനുവദിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറിനിൽക്കണമെന്നുമാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലിൻസ് അതോറിറ്റിയും മറ്റും മുന്നറിയിപ്പു നൽകാറുള്ളത്. അധികൃതരുടെ നിർദേശങ്ങൾ ലംഘിച്ച് വാദിയിലിറങ്ങിയ നിരവധിപേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് വാദിയിൽ ഇറങ്ങിയാൽ തടവും പിഴയും മറ്റും ചുമത്തുകയും ചെയ്യും.
അതേസമയം, രാജ്യത്തുവീണ്ടും ഇരട്ട ന്യൂനമർദ മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ന്യൂനമർദം തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരയും മറ്റൊന്ന് വെള്ളിയാഴ്ച മുതലും ആരംഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ തീരത്തും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകെണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.