മസ്കത്ത്: ഓൺലൈൻ വഴി വിദേശങ്ങളിൽ നിന്ന് വാങ്ങുന്ന വ്യക്തിഗത പാർസലുകൾക്കും തപാൽ കൊറിയറുകൾക്കുമുള്ള നികുതി രഹിത പരിധി (ഡ്യൂട്ടി ഫ്രീ കാപ്) പരമാവധി 100 ഒമാനി റിയാലായി നിശ്ചയിച്ച് ഒമാൻ പുതിയ കസ്റ്റംസ് നിയമം കൊണ്ടുവന്നു. ജി.സി.സി പൊതു കസ്റ്റംസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ നിർണ്ണായക ഭേദഗതികളുടെ ഭാഗമായാണ് ഈ പുതിയ നടപടി.
നേരത്തെ, വിദേശ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് (ആമസോൺ, തെമു, നൂൻ, അലി എക്സ്പ്രസ് തുടങ്ങിയവ) സാധനങ്ങൾ വാങ്ങി തപാൽ വഴിയോ കൊറിയർ വഴിയോ ഒമാനിൽ എത്തിക്കുമ്പോൾ കൂടുതൽ തുകക്ക് നികുതി ഇളവ് ലഭിച്ചിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന് പുറമെ യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങൾ, ചാരിറ്റബിൾ സംഘടനകൾ, ഭിന്നശേഷിക്കാർക്കുള്ള ഇറക്കുമതികൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവക്കുള്ള കസ്റ്റംസ് ഇളവുകളും പുതിയ ഉത്തരവിലൂടെ പരിഷ്കരിച്ചിട്ടുണ്ട്. റോയൽ ഡിക്രി നമ്പർ 28/2026 പ്രകാരമുള്ള കസ്റ്റംസ് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഓൺലൈൻ വഴി വിദേശത്തുനിന്ന് ഓർഡർ ചെയ്ത് വരുത്തുന്ന പാർസലുകളുടെ മൂല്യം 100 റിയാലിൽ കൂടരുതെന്നാണ് പുതിയ നിബന്ധന. കൂടാതെ ഇവ പൂർണമായും വ്യക്തിഗത ആവശ്യങ്ങൾക്കുള്ളവയായിരിക്കണം. വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ഇറക്കുമതി ചെയ്യുന്നയാൾ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരാകരുത്.
നിരോധിച്ചവയോ വ്യാജ ഉൽപന്നങ്ങളോ പകർപ്പവകാശം ലംഘിക്കുന്ന സാധനങ്ങളോ പാർസലിൽ ഉണ്ടാകാൻ പാടില്ല. പുകയില, പുകയില ഉൽപന്നങ്ങൾ എന്നിവക്ക് ഈ 100 റിയാലിന്റെ ഇളവ് ബാധകമല്ല. ഈ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂടുതൽ പരിശോധനകൾ ഏർപ്പെടുത്താൻ കസ്റ്റംസ് ഡയറക്ടർ ജനറലിന് അധികാരം നൽകിയിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ വ്യക്തിഗത ബാഗേജുകൾക്കും 300 റിയാൽ വരെയുള്ള ഗിഫ്റ്റുകൾക്കുമുള്ള കസ്റ്റംസ് നികുതി ഇളവ് മാറ്റമില്ലാതെ തുടരും. എന്നാൽ, വിദേശത്തുനിന്നും ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണത്തിൽ കസ്റ്റംസ് വലിയ നിയന്ത്രണം ഏർപ്പെടുത്തി. മുമ്പ് 400 സിഗരറ്റുകൾ വരെ നികുതിയില്ലാതെ കൊണ്ടുവരാമായിരുന്നത് ഇനി മുതൽ 200 ആയി കുറച്ചു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ ജി.സി.സി രാജ്യങ്ങൾക്ക് പുറത്തുനിന്നും ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി ഉണ്ടായിരിക്കില്ല. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, ലൈസൻസുള്ള ഭിന്നശേഷി അസോസിയേഷനുകൾ, ഭിന്നശേഷി കാർഡുള്ള വ്യക്തികൾ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാൽ ഈ ഇളവിലൂടെ ഇറക്കുമതി ചെയ്യുന്ന പ്രത്യേക വാഹനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ വിൽക്കാനോ മറ്റ് പേരുകളിലേക്ക് മാറ്റാനോ പാടില്ല. ഈ കാലയളവിന് മുൻപ് വിൽക്കുകയാണെങ്കിൽ ബാധകമായ കസ്റ്റംസ് നികുതിയും ടാക്സും പൂർണമായി അടക്കേണ്ടി വരും.
മാനുഷിക പരിഗണന മുൻനിർത്തി അടിയന്തിര സാഹചര്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്ക് കസ്റ്റംസ് ഇളവ് ലഭിക്കും. ഇതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പ് കസ്റ്റംസ് അധികൃതർക്ക് ഔദ്യോഗികമായി അപേക്ഷ നൽകണം. ഇത്തരം ദുരിതാശ്വാസ സാമഗ്രികൾ മുൻകൂട്ടിയുള്ള കസ്റ്റംസ് അനുമതിയും ക്ലിയറൻസും നികുതി അടയ്ക്കലും പൂർത്തിയാക്കാതെ തുറന്ന വിപണിയിൽ വിൽക്കാൻ പാടുള്ളതല്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.