മസ്കത്ത്: ഒമാനിൽ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഒരുക്കം പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷ കേന്ദ്രം. സെന്റർ നമ്പർ: 991101. ഇത്തവണ 269 പേരാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷാർഥികൾ ഒമാൻ സമയം 11.30ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഉച്ചക്ക് 12ന് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്.
മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. കഴിഞ്ഞവർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. ആദ്യമായിട്ടായിരുന്നു കഴിഞ്ഞവർഷം നീറ്റ് പരീക്ഷ ഒമാനിൽ നടന്നിരുന്നത്. നേരത്തേ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്. 21 ഇന്ത്യൻ സ്കൂളുകളുള്ള ഒമാനിൽ നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നിരന്തര മുറവിളികളുടെ ഫലമായിരുന്നു കഴിഞ്ഞവർഷം സെന്റർ അനുവദിച്ചിരുന്നത്. പ്രവാസികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു.
വിഷയത്തിൽ സത്വര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി അധികൃതരുമായി സാമൂഹികപ്രവർത്തകർ ചർച്ചകളും നടത്തിയിരുന്നു. ഇതേ തുടർന്നാണ് സുൽത്താനേറ്റിലും പരീക്ഷകേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പരീക്ഷക്കായി വിദ്യാർഥികൾ സൂർ, സലാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ ശനിയാഴ്ചതന്നെ എത്തിയിരുന്നു. പലരും ബന്ധുക്കളുടെ വീട്ടിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.