മസ്കത്ത്: അറബിക്കടലിലെ ഉഷ്ണമേഖല ന്യൂനമർദം ദുർബലമായതോടെ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് (എൻ.സി.ഇ.എം) ഉപസമിതികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന അറിയിപ്പിനെ തുടർന്നായിരുന്നു തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്കത്ത് ഗവര്‍ണറേറ്റുകളിൽ ഉപസമിതി രൂപവത്കരിച്ചിരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഉപസമിതിക്ക് രൂപം നൽകിയത്.
ന്യൂനമർദത്തിന്റെ നേരിട്ടുള്ള ആഘാതത്തിന്റെ ഫലമായി മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകൾ ഉൾപ്പെടെ ഒമാന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് . മസ്കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ന്യൂന മർദം ദുർബലമാകുകയായിരുന്നു. ഇതേത്തുടർന്നാണ് നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (എൻ.സി.ഇ.എം) ഉപസമിതികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം, രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസവും ശക്തമായ മഴ പെയ്തു. ദാഖിലിയ, ദാഹിറ, വടക്കന്‍ ശര്‍ഖിയ, ബുറൈമി ഗവര്‍ണറേറ്റുകളിലാണ് മഴ ലഭിച്ചത്. മസ്കത്ത്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മഴയിൽ വിവിധ റോഡുകളിൽ വെള്ളം നിറയുകയും പലയിടത്തായി വാദികള്‍ രൂപംകൊള്ളുകയും ചെയ്തു. ന്യൂനമർദം ദുർബലമായെങ്കിലും വിവിധ സ്ഥലങ്ങളിൽ മഴ തുടരുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.