മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ആയുർവേദ ദിനാചരണം
മസ്കത്ത്: സമഗ്രവും ആരോഗ്യകരവുമായ ജീവിതത്തിന് ആയുർവേദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആയുർവേദ ദിനം ആഘോഷിച്ചു. സഹം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സെന്റർ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ, കാലിക്കറ്റ് ആയുർവേദിക് ക്ലിനിക്ക്, ബാലൻസ് മസ്കത്ത് ആയുർവേദ ആൻഡ് യോഗ സെന്റർ, ശ്രീ ശ്രീ തത്ത്വ പഞ്ചകർമ, ബിഫ ആയുർവേദ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ആയുർവേദത്തെ മരുന്നിനേക്കാൾ ഉപരിയായി, വ്യക്തികളെ സന്തുലിതാവസ്ഥയിലേക്കും ക്ഷേമത്തിലേക്കും നയിക്കുന്ന ഒരു ജീവിത തത്ത്വശാസ്ത്രമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. ആയുർവേദ തത്ത്വങ്ങളെയും ചികിത്സയിലൂടെ കൈവരിക്കുന്ന നേട്ടങ്ങളെയും കുറിച്ച് മസ്കത്തിലെ ആയുർവേദ ആശുപത്രികളിലെ ഡോക്ടർമാർ ചടങ്ങിൽ വിശദീകരിച്ചു. ആയുർവേദവും ശാരീരിക ക്ഷേമവും തമ്മിലുള്ള ബന്ധത്തെ ഊന്നിപ്പറയുന്ന ആകർഷകമായ യോഗ നൃത്തം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡയറക്ടർ ജനറൽ ഡോ. ഖമർ അൽ സരീരി, ശൂറ കൗൺസിൽ ഹെൽത്ത് കമ്മിറ്റി ചെയർമാൻ മൻസൂർ സാബർ അൽ ഹജ്രി, ഒമാനിലെ ശ്രീലങ്കൻ അംബാസഡർ അഹമ്മദ് ലെബ്ബെ സബറുല്ല ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എംബസി പരിസരത്ത് ആയുർവേദ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പ്രദർശനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.