മസ്കത്ത് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സീബിൽ സംഘടിപ്പിച്ച മസ്കത്ത്
കലോത്സവത്തിലെ വിജയികൾക്ക് ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ട്രോഫി കൈമാറുന്നു
സീബ്: മസ്കത്ത് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സീബിൽ സംഘടിപ്പിച്ച മസ്കത്ത് കലോത്സവത്തിന് ആവേശകരമായ സമാപനം. സിനിമ- സീരിയൽ നടി അമ്പിളി ദേവി ഉദ്ഘാടനം ചെയ്ത കലോത്സവത്തിൽ മുപ്പതിലധികം മത്സരയിനങ്ങളിലായി മുന്നൂറിലധികം മത്സരാർഥികൾ പങ്കെടുത്തു.
മൂന്നു ദിവസം നീണ്ടുനിന്ന കലോത്സവത്തിൽ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, കലാമണ്ഡലം ജയ ആനന്ദ്, കലാമണ്ഡലം ഷീബ രാജേഷ്, ബിജു സേവ്യർ, മഞ്ജു വി. നായർ, ശ്രുതി ജയൻ, ദീപ കർത്ത, രാജേഷ് വിജയ്, അഖില ആനന്ദ്, പ്രീത വാര്യർ എന്നിവർ വിധികർത്താക്കളായി. സമാപനചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി. ഒമാനിലെ പ്രശസ്ത സിനിമ സംവിധായകൻ ഡോ. ഹുമൈദ് ബിൻ സൈദ് അൽ അമറിയും നടി അമ്പിളി ദേവിയും സമാപന ചടങ്ങിൽ വിശിഷ്ടാതിഥികളായി.
മത്സരത്തിൽ കൂടുതൽ പോയന്റ് നേടിയ കലാകാരികൾക്കും കലാകാരന്മാർക്കും കലാതിലകം, കലാപ്രതിഭ പുരസ്കാരം സമ്മാനിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ ഗിരിനന്ദ ഷാജി, ജൂനിയർ വിഭാഗത്തിൽ ദിയ ആർ. നായർ, സീനിയർ വിഭാഗത്തിൽ ആർദ്രനന്ദ പത്മേഷ് എന്നിവർ കലാതിലകം നേടി.
ജൂനിയർ വിഭാഗത്തിൽ സയൻ സന്ദേഷ്, വാസുദേവ് ജിനേഷ് എന്നിവർ കലാപ്രതിഭ കരസ്ഥമാക്കി. മുതിർന്നവർക്കുള്ള വിഭാഗത്തിൽ അവന്തിക സനിത സുധീർ കലാതിലകപട്ടത്തിന് അർഹയായി. തുടർന്ന് നൃത്ത സംഗീത പരിപാടി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.