മുഹ്‍യിദ്ദീന്‌ സലാല ഐ.എം.ഐയുടെ സെൻട്രൽ മാർക്കറ്റ് ഘടകം നൽകിയ യാത്രയയപ്പ്

നാലരപതിറ്റാണ്ടിന്റെ പ്രവാസത്തിനു വിരാമം; മുഹ്‍യിദ്ദീൻ നാടണഞ്ഞു

അബ്ദുല്ല മുഹമ്മദ്

സലാല: നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമമിട്ട് കാസർകോട് പടന്ന സ്വദേശി മുഹ്‍യിദ്ദീൻ മുഹമ്മദ്‌ സ്നേഹത്തണലിലലിഞ്ഞു. പതിനാറാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതം അറുപത്തി രണ്ടാം വയസ്സിൽ അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുമ്പോൾ ഇദ്ദേഹത്തിന്‍റെ മനസ്സിൽ ബാക്കിയാകുന്നത് ശിഷ്ടകാലം പ്രിയപ്പെട്ടവരോടുമൊപ്പം ജീവിക്കാമല്ലോ എന്ന സന്തോഷം. അതോടൊപ്പം ജീവിതത്തിന്റെ മുക്കാൽപങ്കും ജീവിച്ചുതീർത്ത നാടിനോടും സുഹൃത്തുക്കളോടും വിടപറയാനുള്ള പ്രയാസം മറച്ചുവെക്കുന്നുമില്ല. സലാലയിലെ വാലി ഓഫിസിൽ ഒന്നരപതിറ്റാണ്ടും ഒനെക്കിൽ രണ്ടുപതിറ്റാണ്ടിലേറെയും ഇലക്ട്രീഷനായി ജോലി ചെയ്തുവന്ന മുഹ്‍യിദ്ദീന്‍റെ പ്രവാസം ആരംഭിക്കുന്നത് പതിനാറാം വയസ്സിൽ ബോംബെയിൽ ആണ്‌.

ബന്ധുവിന്റെ സ്ഥാപനത്തിൽ സഹായിയായിനിന്ന്‌ അവിടുന്നു പഠിച്ച ഇലക്ട്രിക് പണിയുടെ പിൻബലത്തിൽ, ആറു വർഷങ്ങൾക്കുശേഷം 1982ൽ ബഹ്റൈനിലേക്കും പിന്നീട് സലാലയിലേക്കും ജീവിതം പറിച്ചുനട്ടു. സലാലയിൽ മാത്രം മുപ്പത്തിയേഴ് വർഷം പിന്നിട്ടതിനു ശേഷമാണ്‌ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയാലും വിശ്രമജീവിതത്തെക്കുറിച്ച് ആലോചനകളില്ലാത്ത മുഹ്‍യിദ്ദീൻ ശേഷിക്കുന്ന കാലവും തന്റെ തൊഴിൽ തുടരുവാൻ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളത്.

അറുപത്തിരണ്ടാം വയസ്സിലും യുവത്വത്തിന്റെ ചുറുചുറുക്കും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന മുഹ്‍യിദ്ദീൻ തന്റെ ആരോഗ്യത്തിന്റെ കാരണാമായി ചൂണ്ടികാണിക്കുന്നത് മിതമായ ഭക്ഷണ ക്രമവും സൈക്കിളിലുള്ള യാത്രകളുമാണ്‌. സലാലയിൽ സ്ഥിരമയി സൈക്കിൾ ഉപയോഗിച്ചിരുന്ന ഇദ്ദേഹം നാട്ടിലും സൈക്കിൾ സവാരി തുടരാൻ തന്നെയാണ്‌ തീരുമാനിച്ചിട്ടുത്. രണ്ടു പെണ്മക്കളും ഒരു മകനുമുണ്ട്. എല്ലാവരും വിവാഹിതരാണ്. ഭാര്യ: അസ്മ. സലാല ഐ.എം.ഐയുടെ സജീവ പ്രവർത്തകനായിരുന്ന മുഹ്‍യിദ്ദീന് സംഘടനയുടെ സെൻട്രൽ മാർക്കറ്റ് ഘടകം യാത്രയയപ്പ് നൽകി.

Tags:    
News Summary - Muhyiddin returned home after 45 years of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.