മസ്കത്ത്: പൊതു ബസ് സർവിസായ മുവാസലാത്ത് 2025ൽ 50 ലക്ഷത്തിലേറെ യാത്രക്കാർ ഉപയോഗപ്പെടുത്തിയതായി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. നിലവിൽ മസ്കത്തിൽ 12 ബസ് റൂട്ടുകളും സലാലയിൽ രണ്ട് റൂട്ടുകളും മുവാസലാത്ത് നടത്തിവരുന്നുണ്ട്. അടുത്ത ഘട്ടത്തിൽ നിസ്വയിലേക്കും സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഡിജിറ്റൽ ടിക്കറ്റിങ് പ്ലാറ്റ്ഫോം, ഐ.വി.എം.എസ് ട്രാക്കിങ് സംവിധാനം, സ്റ്റേഷനുകൾ തുടങ്ങിയ നിരവധി പദ്ധതികൾ മന്ത്രാലയം നടപ്പാക്കി വരുകയാണ്. ഇതിന് പുറമെ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐ.ടി.എസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക വിവര ശേഖരണത്തിന് മുവാസലാത്ത് അടുത്തിടെ ആർ.ഐഫ്.ഐ ക്ഷണിച്ചിരുന്നു. സിറ്റി, ഇന്റർസിറ്റി, ഫെറി സർവിസുകൾ ഉൾപ്പെടുന്ന പൊതു ഗതാഗത ശൃംഖല ഡിജിറ്റലൈസ് ചെയ്യാനും കാര്യക്ഷമമാക്കാനും സഹായിക്കുന്ന നൂതന പരിഹാരങ്ങളെക്കുറിച്ചാണ് ഐ.ടി.എസ് സേവനദാതാക്കളിൽ നിന്ന് വിവരങ്ങൾ തേടുന്നത്.
2025ലെ മസ്കത്ത് ഏരിയ ട്രാഫിക് പഠന പ്രകാരം, തലസ്ഥാനത്ത് ദൈനംദിന യാത്രകളിൽ സ്വകാര്യ വാഹനങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ഗവർണറേറ്റിലെ ദിനംപ്രതി യാത്രകളിൽ 97 ശതമാനവും സ്വകാര്യ കാറുകളിലൂടെയാണെന്നും, ഇതിൽ 71.9 ശതമാനവും ഒറ്റയാൾ കാർ യാത്രകളാണെന്നും പഠനം വ്യക്തമാക്കുന്നു. ഒമാനിലെ പ്രധാന നഗരങ്ങൾക്കുള്ളിലും നഗരങ്ങളെ ബന്ധിപ്പിച്ചും അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതുമായ നിലവിലെ പൊതു ഗതാഗത ശൃംഖലയെ കുറിച്ച് മന്ത്രാലയം സമഗ്രമായി വിലയിരുത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.