മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ ആഗസ്റ്റ് അവസാനത്തോടെ എത്തിയത് 10 ലക്ഷത്തിലധികം സന്ദർശകർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ശതമാനത്തിന്റെ സന്ദർശക വർധനയാണ് ഈ സീസണിൽ ഉണ്ടായിരിക്കുന്നത്.ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ജൂൺ 21നും ആഗസ്റ്റ് 31നും ഇടയിലായി മൊത്തം സന്ദർശകരുടെ എണ്ണം ഏകദേശം 1,027,255 ആയി. 2024 ലെ ഇതേ കാലയളവിൽ 1,006,635 സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്. ഒമാനി സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഇത് 71.5 ശതമാനം വർധിച്ച് 7,34,225 ആയി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ ആകെ 1,79,246 ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ 113,784 ഉം ആണ്. 2,51,064 സന്ദർശകർ വിമാനമാർഗവും 7,76,191 പേർ കരമാർഗവും ദോഫാറിൽ എത്തി. കഴിഞ്ഞവർഷം ആഗസ്റ്റ് അവസാനത്തോടെ കരമാർഗം എത്തിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ 1.3 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതേസമയം, ഈ വർഷം ആഗസ്റ്റിൽ വൻ കുതിച്ചുചാട്ടമാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായത്. ആഗസ്റ്റ് ഒന്നിനും 31നും ഇടയിൽ 5, 85,155 സന്ദർശകരാണ് എത്തിയത്. സെപ്റ്റംബര്‍ 21ന് ആണ് ഔദ്യോഗികമായി സീസണ് അവസാനിക്കുന്നത്.
അതേസമയം, ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തീൻ സ്ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധന സ്ഥലങ്ങളിലായാണ് പരിപാടികളും പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. സീസണിലെ അവസാന ആഴ്ചകളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.