മസ്കത്ത്: കേരളപഠനത്തെക്കുറിച്ചുള്ള അഞ്ചാമത് അന്താരാഷ്ട്ര കോൺഗ്രസിന്റെ ഭാഗമായുള്ള മൈഗ്രേഷൻ കോൺക്ലേവ് 2024ന് ഒമാനിലെ പ്രവാസി സമൂഹത്തിൽനിന്നു ലഭിക്കുന്നത് മികച്ച പ്രതികരണം.
തിരുവനന്തപുരം എ.കെ.ജി സെന്റർ ഫോർ റിസർച് ആൻഡ് സ്റ്റഡീസും പത്തനംതിട്ട വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച് ആൻഡ് സ്റ്റഡീസും ചേർന്ന് സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് ജനുവരി 19 മുതൽ 21 വരെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് നടക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വിപുലവും സമഗ്രവുമായ മലയാളി പ്രവാസി സമ്മേളനമാണ് ‘മൈഗ്രേഷൻ കോൺക്ലേവ് 2024’
സമ്മേളനത്തിനു മുന്നോടിയായി ഒമാനിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വിവിധ മേഖലകളിലെ പ്രഗല്ഭരുമായും സംഘാടകസമിതി ഓൺലൈനിലൂടെ ചർച്ച നടത്തി.
മുൻ ധനമന്ത്രിയും എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. തോമസ് ഐസക്, വി.എസ്. ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ. പത്മകുമാർ, കോൺക്ലേവ് സംഘാടക സമിതി ചെയർമാനും എഴുത്തുകാരനുമായ ബെന്യാമിൻ, കോഓഡിനേഷൻ കൺവീനർ ജോർജ് വർഗീസ്, കോൺക്ലേവ് അക്കാദമിക് വിഭാഗം ചുമതല വഹിക്കുന്ന ഡോ. റാണി എന്നിവർ സംഘാടക സമിതിക്കു വേണ്ടി സംസാരിച്ചു.
ഒമാനിലെ പ്രവാസി സാമൂഹിക സംഘടനാ നേതാക്കൾ, ലോക കേരള സഭാംഗങ്ങൾ, ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ വിവിധ ഭാഷ വിഭാഗങ്ങളുടെ കൺവീനർമാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ ഭാരവാഹികൾ, ബോർഡ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, അധ്യാപകർ, ഡിപ്പാർട്മെന്റ് മേധാവികൾ തുടങ്ങി ഒമാനിലെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽനിന്നും നിരവധി പ്രമുഖർ കോൺക്ലേവിനു മുന്നോടിയായി നടന്ന ചർച്ചയിൽ പങ്കെടുത്തു. ഒമാനിൽനിന്നും വിവിധ വിഷയങ്ങളിൽ കോൺക്ലേവിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
വിദഗ്ധ തൊഴിൽരംഗത്ത് സുപ്രധാനമായ ജ്ഞാന സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ മൈഗ്രേഷൻ കോൺക്ലേവ് പ്രാഥമിക ശ്രദ്ധ നൽകുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.
75 രാജ്യങ്ങളിൽനിന്നായി മൂന്നു ലക്ഷത്തിലധികം പ്രവാസികൾ ഓൺലൈനായി കോൺക്ലേവിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം മറ്റു വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രവാസികളും പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവരും നേരിട്ടും സമ്മേളനത്തിൽ പങ്കെടുക്കും. 10 വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ 60ഓളം വിഷയങ്ങളിൽ 600ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മൈഗ്രേഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനും ഭാഗമാകുന്നതിനുമായി ഒമാനിൽനിന്നും മലയാളികൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മൈഗ്രേഷൻ കോൺക്ലേവിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.