മത്ര കേബിൾ കാർ പദ്ധതിയിലേക്ക് ആദ്യ ബാച്ച് ഉപകരണങ്ങൾ എത്തിച്ചപ്പോൾ
മസ്കത്ത്: നിർമാണം പുരോഗമിക്കുന്ന മത്ര കേബിൾ കാർ പദ്ധതിയിലേക്ക് ആദ്യ ബാച്ച് ഉപകരണങ്ങൾ എത്തിച്ചു. ടവറുകൾ, കേബിൾ കാർ എൻജിനുകൾ, അനുബന്ധ വസ്തുക്കൾ എന്നിവയടക്കം ഏകദേശം 26 കണ്ടയ്നറുകളിലാണ് കൊണ്ടുവന്നതെന്ന് പ്രോജക്ട് ഡെവലപ്പറായ സബീൻ ഇൻവെസ്റ്റ്മെന്റ്സ് പറഞ്ഞു. വരും മാസങ്ങളിൽ ഇൻസ്റ്റലേഷൻ ജോലികളും ടവർ നിർമാണവും ആരംഭിക്കും. ഇത് മസ്കത്തിന്റെ സ്കൈലൈൻ, ടൂറിസം ലാൻഡ് സ്കേപ്പ് എന്നിവയിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലാകും.
തലസ്ഥാനം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കേബിൾ കാർ മികച്ച ഒരു അനുഭവമായിരിക്കുമെന്ന് പദ്ധതിയുടെ ഉടമസ്ഥരായ സബീൻ ഗ്രൂപ്പിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ഖാലിദ് അൽ നബ്ഹാനി പറഞ്ഞു. നിരവധി വ്യൂ പോയന്റുകളും ചരിത്രസ്ഥലങ്ങളുമുള്ള സവിശേഷ സ്ഥലമാണ് മത്ര, കേബിൾ കാർ യാത്ര ആസ്വദിക്കാനും ചരിത്രനഗരം മുകളിൽ നിന്ന് കാണാനും കഴിയുന്ന ഒരു ലക്ഷ്യസ്ഥാനം വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിർമാണപ്രവർത്തനങ്ങൾ 71 ശതമാനത്തിലെത്തിയിട്ടുണ്ട്. അടുത്തവർഷം ആദ്യ പാദത്തിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. ടൂറിസം അനുഭവം മെച്ചപ്പെടുത്തൽ, സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കൽ, പ്രവർത്തനപരവും സേവനപരവുമായ കാര്യക്ഷമത മെച്ചപ്പെടുത്തൽ, മത്രയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റകാഇസ് എന്ന പേരിലുള്ള കമ്പനിയാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേബിള്‍ കാര്‍ യാഥാർഥ്യമാക്കുന്നതിനൊപ്പം പദ്ധതി നടത്തിപ്പ് ചുമതലയും കമ്പനിക്കായിരിക്കും. മത്രയുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതി, മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും ദൈർഘ്യമേറിയതാണെന്നാണ് റിപ്പോർട്ട്. മത്ര കോർണിഷിനോട് ചേർന്നുള്ള പദ്ധതി വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്. മത്ര മത്സ്യ മാർക്കറ്റിന് സമീപമുള്ള സ്റ്റേഷനിൽ നിന്നാണ് കേബിൾ കാർ സർവിസ് ആരംഭിക്കുക. ഇവിടെനിന്ന് വിനോദസഞ്ചാരികളെ മലമുകളിലുള്ള രണ്ടാം സ്റ്റേഷനിലേക്ക് കൊണ്ടുപോവും. ഇവിടെ ഇറങ്ങുന്ന സന്ദർശകർക്ക് വിശ്രമിക്കാനും ഫ്ലവർ പാർക്ക് സന്ദർശിക്കാനും കഴിയും.
കേബ്ൾ കാർ സർവിസുകൾക്ക് മൂന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. മത്ര മത്സ്യ മാർക്കറ്റിന് സമീപമാണ് ഒന്നാം സ്റ്റേഷൻ, റിയാൻ പാർക്കിന് പിന്നിലുള്ള മലമുകളിലായിരിക്കും രണ്ടാം സ്റ്റേഷൻ. ഇവിടെ മത്രയുടെ കടൽത്തീരം മുഴുവൻ സുന്ദരമായി ദർശിക്കാൻ കഴിയും. ഫ്ലവർ പാർക്കാണ് മൂന്നാം േസ്റ്റഷൻ. സ്റ്റേഷനുകളിൽ നിരവധി സൗകര്യങ്ങളുണ്ടായിരിക്കുമെന്ന് പദ്ധതിയുടെ നിർമാതാക്കൾ പറയുന്നു. സ്റ്റേഷനുകൾ കുടുബങ്ങൾക്ക് പൂർണമായി ഉല്ലസിക്കൻ പറ്റുന്ന രീതിയിലായിരിക്കും സജ്ജമാക്കുക. പൂന്തോട്ടം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക് എന്നിവയാണ് മലമുകളിലെ സ്റ്റേഷനിൽ ഉണ്ടാവുക. ഫ്ലവർ പാർക്കിൽ റസ്റ്റാറൻുകളും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശന ശാലകളും ഉണ്ടാവും.
മൂന്ന് സ്റ്റേഷനുകളും പിന്നീട് നിരവധി പദ്ധതികൾ നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ മത്സ്യ മാർക്കറ്റിന് സമീപമുള്ള സബീൻ സ്റ്റേഷനിൽ മനോഹരമായ പൂന്തോട്ടം നിർമിക്കും. ഫ്ലവർ പാർക്കിൽ രണ്ടാം ഘട്ടമായി ഡാൻസിങ് ഫൗണ്ടൻ നിർമിക്കും. പർവതമുകളിലെ സ്റ്റേഷനിൽ സ്വിസ് ഭക്ഷ്യവിഭവങ്ങളുടെ തെരുവ് നിർമിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഈ തെരുവ്.
സ്വിസ് കമ്പനിയായ ബാർതോലെറ്റാണ് കേബ്ൾ കാറുകൾ രൂപകൽപന ചെയ്യുന്നത്. കമ്പനിക്ക് ആഗോളാടിസ്ഥാനത്തിൽ 300 ലധികം കേബ്ൾ കാർ പദ്ധതികളുണ്ട്. രണ്ട് സർവിസുകളാണ് ഉണ്ടാവുക. മത്സ്യ മാർക്കറ്റിന് സമീപത്തെ സ്റ്റേഷനിൽ നിന്ന് പർവതമുകളിലെ സ്റ്റേഷനിലേക്കായിരിക്കും ആദ്യത്തെ റൂട്ട്. രണ്ടാമെത്ത റൂട്ട് പർവത മുകളിലെ സ്റ്റേഷനിൽനിന്ന് ആരംഭിച്ച് ഫ്ലവർ പാർക്കിൽ അവസാനിക്കും. ഈ രണ്ട് റൂട്ടുകൾക്കും ഇടയിലെ ഇന്റർ ചെയിഞ്ച് സ്റ്റേഷനായിരിക്കും പർവത മുകളിലെ സ്റ്റേഷൻ. പ്രദേശത്ത് ബഹുനില കാർ പാർക്കിങ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ മത്രയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഉണ്ടാകുക. സുൽത്താനേറ്റിലെ ടൂറിസം മേഖലകൾക്ക് പദ്ധതി മികച്ച സംഭാവന നൽകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. മത്രയുടെ വികസനത്തിന് കുതിപ്പേകുന്ന വിവിധ പദ്ധതികളും അധികൃതർ നടപ്പാക്കാൻ ഒരുങ്ങുന്നുണ്ട്. മത്ര തീരത്ത് വാട്ടര്‍ ടാക്സി സര്‍വിസ്, കഫെ എന്നിവ സ്ഥാപിക്കുന്നതിനും ഒമ്രാൻ ഗ്രൂപ്പിന് പദ്ധതിയുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയും പ്രദേശത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.