മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്കത്ത് വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്രചെയ്തത് ഇന്ത്യക്കാർ. 2025 ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം, ആകെ 1,70,313 ഇന്ത്യൻ യാത്രക്കാരാണ് മസ്കത്ത് വിമാനത്താവളം ഉപയോഗിച്ചത്. ഇതിൽ 85,669 പേർ എത്തിയവരും 84,644 പേർ പുറപ്പെട്ടവരുമാണ്. ഒമാനി പൗരന്മാർ 1,12,834 യാത്രക്കാരുമായി രണ്ടാം സ്ഥാനത്തും, 43,509 യാത്രക്കാരുമായി ബംഗ്ലാദേശ് പൗരന്മാർ മൂന്നാം സ്ഥാനത്തുമാണ്.
ഈ വർഷം ഒക്ടോബർ അവസാനം വരെ സുൽത്താനേറ്റ് ഓഫ് ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 1.6 ശതമാനം വർധിച്ച് 1,23,53,007 ആയതായാണ് ദേശീയ സ്ഥിതിവിവരശാസ്ത്ര-വിവര കേന്ദ്രം (എൻ.സി.എസ്ഐ) റിപ്പോർട്ട്. 2024ലെ ഇതേ കാലയളവിൽ ഈ എണ്ണം 1,21,53,212 ആയിരുന്നു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒക്ടോബർ അവസാനം വരെ 1,08,33,646 യാത്രക്കാരാണ് സഞ്ചരിച്ചത്. കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.1 ശതമാനത്തിന്റെ വർധനയാണിത്. എന്നാൽ, വിമാന സർവിസുകളുടെ എണ്ണം 4.7 ശതമാനം കുറഞ്ഞു. 2024ലെ 80,636 സർവിസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ഇത് 76,880 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
സലാല വിമാനത്താവളത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം 9.7 ശതമാനം ഉയർന്ന് 14,50,140 ആയി. 2024ലെ ഇതേ കാലയളവിൽ ഇത് 13,21,622 ആയിരുന്നു. വിമാന സർവിസുകളും 6.1 ശതമാനം വർധിച്ച് 9,438 ആയി; മുൻവർഷം ഇത് 8,894 ആയിരുന്നു.സുഹാർ വിമാനത്താവളത്തിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം 72.3 ശതമാനം കുറഞ്ഞ് 18,557 ആയി. 2024ൽ ഇതേ കാലയളവിൽ 66,879 യാത്രക്കാരാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. വിമാന സർവിസുകളും 62.4 ശതമാനം കുറഞ്ഞ് 218 ആയി; കഴിഞ്ഞവർഷം ഇത് 580 ആയിരുന്നു.
അതേസമയം, ദുകം വിമാനത്താവളം സ്ഥിരത പുലർത്തി. യാത്രക്കാരുടെ എണ്ണം 50,664 ആയി, കഴിഞ്ഞവർഷത്തെ ഇതേ കാലയളവിലെ 50,656 യാത്രക്കാരുമായി ഏകദേശം തുല്യമാണ്. വിമാന സർവിസുകളുടെ എണ്ണം 1.5 ശതമാനം കുറച്ച് 512 ആയി; മുൻവർഷം ഇത് 520 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.