മസ്കത്ത്: കുട്ടികൾക്ക് സ്ഥിതിവിവരക്കണക്കുകളും ഡാറ്റയും പൊതുവിജ്ഞാനവും പരിചയപ്പെടുത്താൻ കാർട്ടൂൺ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒമാൻ. ‘മാസിൻ’, ‘മുസ്ന’ എന്നീ രണ്ട് പുതിയ കാർട്ടൂൺ കഥാപാത്രങ്ങളെയാണ് ഒമാൻ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) നൂതന പദ്ധതിയിൽ അവതരിപ്പിച്ചത്.
എൻ.സി.എസ്.ഐയുടെ ആശയവിനിമയ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും സ്ഥിതിവിവരക്കണക്കുകൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് യുവതലമുറക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ കൈമാറുന്നതിനുമായി എൻ.സി.എസ്.ഐ തയാറാക്കിയ 2026 -2030 കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിയുടെ ഭാഗമായാണ് 12 വയസ്സുള്ള ഈ ഒമാനി കഥാപാത്രങ്ങളെ രൂപകൽപന ചെയ്തിരിക്കുന്നത്.
ഒമാന്റെ സാംസ്കാരിക മൂല്യങ്ങളും അടയാളങ്ങളും ഉൾക്കൊള്ളുന്ന മാസിനും മുസ്നയും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ, വീഡിയോകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, മറ്റ് ഇന്ററാക്ടീവ് ടൂളുകൾ എന്നിവയിലൂടെ ഡാറ്റയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുന്ന വിദ്യാഭ്യാസ അംബാസഡർമാരായി പ്രവർത്തിക്കും. നന്മയുടെയും ഔദാര്യത്തിന്റെയും പ്രതീകമായ മഴമേഘങ്ങളെ സൂചിപ്പിക്കുന്ന ‘മാസിൻ’, സമൃദ്ധിയെയും വളർച്ചയെയും പ്രതിനിധീകരിക്കുന്ന ‘മുസ്ന’ എന്നീ പേരുകൾ അറിവ് വർധിപ്പിക്കുന്നതിലും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിലും വിവരങ്ങൾക്കുള്ള പങ്കിനെയാണ് സൂചിപ്പിക്കുന്നത്.
കുട്ടികളിൽ വിശകലന ചിന്താഗതിയും സദ്മൂല്യങ്ങളും വളർത്താൻ സഹായിക്കുന്ന രീതിയിൽ, പഠനവും വിനോദവും സമന്വയിപ്പിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾക്ക് കരുത്തുപകരുന്നതിനൊപ്പം വിവരങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.