ഒമാനിൽ ഭക്ഷ്യസുരക്ഷ മേഖലയിൽ കോടികളുടെ നിക്ഷേപം: 12 പദ്ധതികൾ യാഥാർഥ്യത്തിലേക്ക്; 13 പുതിയ നിക്ഷേപ അവസരങ്ങൾ
മസ്കത്ത്: ഒമാൻ ഭരണകൂടത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിയായ ‘വിഷൻ 2040’ ന് കരുത്തുപകർന്ന് രാജ്യത്തെ ഭക്ഷ്യസുരക്ഷാ, കാർഷിക, മത്സ്യബന്ധന മേഖലകളിൽ വൻ നിക്ഷേപം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന് കീഴിലുള്ള ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ പ്ലാറ്റ്‌ഫോമും കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയവും സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ 97.413 ദശലക്ഷം ഒമാനി റിയാൽ (ഏകദേശം 2100-ലധികം കോടി രൂപ) ചെലവഴിച്ചുള്ള 12 പ്രമുഖ പദ്ധതികൾക്ക് രാജ്യത്ത് തുടക്കമായി.
ഇതോടൊപ്പം 122.849 ദശലക്ഷം ഒമാനി റിയാൽ മൂല്യം കണക്കാക്കുന്ന 13 പുതിയ നിക്ഷേപ അവസരങ്ങൾ കൂടി ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ പ്ലാറ്റ്‌ഫോം വഴി ആഗോള നിക്ഷേപകർക്കായി തുറന്നുനൽകിയിട്ടുണ്ട്. ഗവൺമെന്റ് വകുപ്പുകൾ തമ്മിലുള്ള തന്ത്രപരമായ സഹകരണം വെറും ചർച്ചകളിൽ ഒതുങ്ങാതെ, പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ സാധിച്ചതിന്റെ വിജയമാണിതെന്ന് ഇരു മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദോഫാർ ഗവർണറേറ്റിലെ സലാലയിൽ 27 ദശലക്ഷം റിയാൽ നിക്ഷേപത്തിൽ ഒരുങ്ങുന്ന ബൃഹത്തായ മാംസസംസ്കരണ പദ്ധതിയായ സലാല മീറ്റ് സിറ്റി, ഖസാഇൻ ഇക്കണോമിക് സിറ്റിയിൽ 14 ദശലക്ഷം റിയാൽ ചെലവിൽ സ്ഥാപിക്കുന്ന ആധുനിക ഭക്ഷ്യ സംസ്കരണ ഫാക്ടറി, കാർഷിക മേഖലയിൽ 16 ദശലക്ഷം റിയാൽ നിക്ഷേപത്തോടെയുള്ള ഹരിത കരി ഉൽപാദന പദ്ധതിയായ ഗ്രീൻ ചാർക്കോൾ പ്രോജക്ട്, ഖസാഇൻ ഇക്കണോമിക് സിറ്റിയിൽ 7.7 ദശലക്ഷം റിയാലിന്റെ ഭക്ഷ്യ-പാനീയ നിർമാണ ഫാക്ടറി പദ്ധതിയായ സോഹാർ ഫുഡ് ആൻഡ് ബിവറേജസ്, സലാല ഫ്രീ സോണിൽ 3.465 ദശലക്ഷം റിയാൽ നിക്ഷേപത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള ആഹാരം നിർമിക്കുന്ന പെറ്റ് ഫുഡ് ഫാക്ടറി, മസ്കത്തിലെ ഖുറിയാത്തിൽ താജ് അൽ ബഹറിന്റെ 1.7 ദശലക്ഷം റിയാലിന്റെ അക്വാകൾച്ചർ പദ്ധതി, യഥാക്രമം 1.342 ദശലക്ഷം റിയാൽ, 1.205 ദശലക്ഷം റിയാൽ വീതം നിക്ഷേപമുള്ള ഈന്തപ്പന, ഗോതമ്പ് കൃഷികൾ, തെക്കൻ ബാത്തിനയിലെ ബർക്കയിൽ 1.2 ദശലക്ഷം റിയാൽ ചെലവിൽ സ്ഥാപിക്കുന്ന ഹണി ബീ മ്യൂസിയം, വടക്കൻ ബാത്തിനയിലെ ഖാബൂറയിൽ 10 ലക്ഷം റിയാലിന്റെ അഗ്രികൾച്ചറൽ ജിപ്സം ഫാക്ടറി എന്നിവയാണ് തീരുമാനമായത്.
പുതുതായി പ്രഖ്യാപിച്ച 13 നിക്ഷേപ അവസരങ്ങളിൽ ഭൂരിഭാഗവും ഒമാന്റെ തന്ത്രപ്രധാന മേഖലകളിലാണ്. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂനയിലുള്ള നജ്ദ് കാർഷിക മേഖലയിൽ മാത്രം ആറു വൻകിട പദ്ധതികൾക്കാണ് അനുമതിയുള്ളത്. കന്നുകാലി വളർത്തൽ-പാൽ ഉൽപാദനം (4.449 ദശലക്ഷം റിയാൽ), ഉള്ളി കൃഷിയും സംസ്കരണവും (4.8 ദശലക്ഷം റിയാൽ), ഉരുളക്കിഴങ്ങ് കൃഷി (5.5 ദശലക്ഷം റിയാൽ), വെളുത്തുള്ളി, പച്ചക്കറി കൃഷികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ ഖുറിയാത്തിൽ 17 ദശലക്ഷം റിയാലിന്റെ സ്മാർട്ട് അഗ്രികൾച്ചറൽ കോംപ്ലക്സ്, കൂടുമത്സ്യക്കൃഷി (ട്യൂണ ഫിഷ് - 4.7 ദശലക്ഷം റിയാൽ), അൽ വുസ്തയിലെ ദുകത്തിൽ കടൽ ഉപകരണങ്ങളുടെ നിർമാണ യൂനിറ്റുകൾ, ദോഫാറിലെ അബലോൺ കൃഷി (10 ദശലക്ഷം റിയാൽ), അൽ വുസ്തയിലും തെക്കൻ ശർഖിയയിലുമായി 57 ദശലക്ഷം റിയാലിലധികം ചെലവ് പ്രതീക്ഷിക്കുന്ന വൻകിട ചെമ്മീൻ കൃഷികൾ എന്നിവയാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്.
പ്രാദേശിക ഉൽാപദനം വർധിപ്പിക്കാനും ഒമാന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇത്തരം പങ്കാളിത്തങ്ങൾ കൂടുതൽ മന്ത്രാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ സി.ഇ.ഒ എൻജിനീയർ നാസർ ബിൻ ഖലീഫ അൽ ഖിന്ദി, കാർഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.