സുഹാറിൽ നിന്ന് ഫലജിലേക്ക് പോകുന്ന വഴിയരികിൽ കായ്ച്ചുനിൽക്കുന്ന മാവ്
ഫോട്ടോ- പ്രണവ് ലുമോറ
സുഹാർ: വേനൽച്ചൂടിന് കാഠിന്യമേറുന്നതിനൊപ്പം ഒമാനിൽ മാമ്പഴ സീസണും സജീവമാകുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ മാമ്പഴങ്ങൾ വിപണികളിൽ എത്തിത്തുടങ്ങി. നിലവിൽ വിപണികളിൽ പച്ചമാങ്ങകൾക്കാണ് ഏറെ പ്രിയം. ഉപ്പിലിട്ടതും അച്ചാറുകൾ ഉണ്ടാക്കാൻ ഉത്തമവുമായ ചെറിയ നാടൻ മാങ്ങകൾ മുതൽ കറികൾക്കായി ഉപയോഗിക്കുന്ന വലിയ ഇനങ്ങൾ വരെ ഇപ്പോൾ ലഭ്യമാണ്.
ഒമാനിലെ പ്രധാന കാർഷിക മേഖലകളായ ഖുറിയാത്തിലെ ഹെയിൽ അൽ ഗാഫ്, ബർക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് മസ്കത്തിലെയും മറ്റും പ്രധാന മാർക്കറ്റുകളിലേക്ക് മാങ്ങകൾ പ്രധാനമായും എത്തുന്നത്.
ഏപ്രിൽ ആദ്യ വാരം മുതൽ ആരംഭിച്ച സീസൺ ആഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും. സീസണിന്റെ തുടക്കമായതിനാൽ പ്രാദേശിക വിപണികളിൽ മാങ്ങക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിളവെടുപ്പ് നടക്കുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സീസൺ പുരോഗമിക്കുന്നതോടെ നാടൻ ഇനങ്ങൾക്കൊപ്പം വിദേശങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ട മാമ്പഴങ്ങളും വിപണിയിൽ കൂടുതൽ സജീവമാകും. വൈകുന്നേരങ്ങളിൽ പ്രാദേശിക വിപണികളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും പച്ചമാങ്ങകൾ വാങ്ങാൻ എത്തുന്ന സ്വദേശികളുടെയും പ്രവാസികളുടെയും തിരക്ക് കണ്ടുതുടങ്ങിയിട്ടുണ്ട്. വടക്കൻ ബാത്തിന മേഖലയിലും നിറയെ മാങ്ങകൾ കായ്ച്ചിട്ടുണ്ട്.
സഹം, സുഹാർ, ഷിനാസ്, ലിവാ, ഖബൂറ, സുവൈഖ് തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ മാമ്പഴങ്ങൾ പാകമയി തുടങ്ങുകയും നാട്ടുചന്തകളിൽ ആദ്യ വിളവുകൾ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മാമ്പഴ സീസണും ചക്കകാലവും മലയാളികൾക്ക് ഓർമ്മകൾ അയവിറക്കാനുള്ള കാലങ്ങൾ കൂടിയാണ്.
ഒമാന്റെ പ്രകൃതിയും മണ്ണും കൃഷിയോഗ്യമാണ്. വടക്കൻ ബാത്തിനയുടെ ചൂടേറിയ കാലാവസ്ഥയും തീരദേശ ഈർപ്പവും മാമ്പഴ കൃഷിക്ക് ഏറെ അനുയോജ്യമാണ്. അതിനാൽ ഇവിടെ ലഭിക്കുന്ന മാമ്പഴങ്ങൾക്ക് പ്രത്യേക മധുരവും രുചിയും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റങ്ങളിലും കൃഷിത്തോട്ടങ്ങളിലും വളർന്ന മരങ്ങളിൽ ഇപ്പോൾ പച്ചയും മഞ്ഞയും കലർന്ന കായ്കൾ നിറഞ്ഞ കാഴ്ചയാണ്.
പ്രഭാത സമയങ്ങളിൽ കർഷകർ പഴങ്ങൾ പറിച്ചെടുത്തു മാർക്കറ്റുകളിലേക്ക് കൊണ്ടുപോകുന്ന തിരക്കിലാണ്. തോട്ടത്തിനരികിൽ കട്ട പിടിച്ച ഇലകൾ പോലെ മാങ്ങ കാഴ്ച്ചു നിൽക്കുന്നത് കണ്ടാൽ എത്ര കത്തുന്ന ചൂടായാലും മലയാളി ഒന്ന് നിൽക്കും.
സുഹാറിൽ നിന്ന് ഫലജിലേക്ക് പോകുന്ന വഴിയിൽ നിരവധി മാമ്പഴ തോട്ടങ്ങളുണ്ട്. ഇവിടെയുള്ള തോട്ടങ്ങളിൽ മാമ്പഴത്തിന് പുറമെ, നാരങ്ങ, ചക്ക, പപ്പായ, സപ്പോട്ട, വാഴ, മുന്തിരി ഇങ്ങനെ വിവിധ പഴവർഗങ്ങൾ തഴച്ചു വളരുന്നുമുണ്ട്.
വടക്കൻ ബാത്തിനയിൽ മാമ്പഴ സീസൺ എന്നത് പഴവിപണി മാത്രമല്ല, വേനലിന്റെ വരവും നാട്ടിൻപുറങ്ങളുടെ സജീവതയും അറിയിക്കുന്ന ഒരു കാലഘട്ടമാണ്. ഓരോ വർഷവും ഈ സമയത്ത് പ്രവാസികളും സ്വദേശികളും ഒരുപോലെ കാത്തിരിക്കുന്ന ഒരു രുചിക്കാലം തന്നെയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.