മസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസ ലോകത്ത് കുടുങ്ങികിടക്കുന്നവർക്ക് പുതിയ പാരയുമായി കേരള സർക്കാർ. ചാർേട്ടഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ് പ്രവാസികൾക്ക് തിരിച്ചടിയാവുക. ഇൗ നിബന്ധന പാലിക്കുക പ്രയാസകരമാകുമെന്നും സർക്കാർ തീരുമാനത്തിൽ നിന്ന് പിന്തിരിയാത്ത പക്ഷം ചാർേട്ടഡ് വിമാന സർവിസുകൾ നടത്തുന്നതിനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നും ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. വിമാനങ്ങൾ ബുക്ക് ചെയ്തവർക്കും സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.
വന്ദേഭാരത് പദ്ധതിയിലെ കുറഞ്ഞ വിമാന സർവിസുകളുടെ പശ്ചാത്തലത്തിൽ പ്രവാസ ലോകത്ത് കുടുങ്ങികിടക്കുന്നവർക്ക് ചാർേട്ടഡ് വിമാനങ്ങൾ ഏറെ ആശ്വാസകരമായിരുന്നു. പ്രവാസ ലോകത്തെ നിരവധി സംഘടനകൾ ചാർേട്ടഡ് വിമാനങ്ങൾ വഴി പ്രയാസങ്ങൾ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാൻ സംവിധാനങ്ങൾ തുടരുന്നതിനിടെയാണ് ആയിരങ്ങളുടെ യാത്രാ സ്വപ്നം തകർക്കുന്ന തീരുമാനം സർക്കാർ കൈകൊണ്ടത്. ഒമാനിലെ നിരവധി കമ്പനികളും തങ്ങളുടെ ജീവനക്കാരെ നാട്ടിലയക്കാൻ ചാർേട്ടഡ് സംവിധാനം ഒരുക്കിവരികയായിരുന്നു.
നാടണയുന്നതിനായി പതിനായിരത്തിലധികം പേരാണ് മസ്കത്ത് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും സമാന സാഹചര്യമാണ് ഉള്ളത്. വന്ദേഭാരത് സർവിസുകളുടെ എണ്ണം കണക്കിലെടുക്കുേമ്പാൾ ഇത്രയും പേർ നാട്ടിലെത്താൻ മാസങ്ങളെടുക്കും. വിമാന സർവിസ് ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും രജിസ്റ്റർ ചെയ്ത വളരെ ചെറിയ ശതമാനം പേർക്ക് മാത്രമാണ് നാടണയാൻ കഴിഞ്ഞത്.
കോവിഡ് പരിശോധനക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ, ആൻറി ബോഡി ടെസ്റ്റോ നടത്താനുള്ള ചെലവ് വിമാനം ബുക്ക് ചെയ്യുന്നവർ വഹിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇൗ പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കായിരിക്കും യാത്രാനുമതി നൽകുക. എന്നാൽ വന്ദേ ഭാരത് പദ്ധതിയിൽ വരുന്നവർക്ക് നിബന്ധന ബാധകമല്ലെന്നും സർക്കാർ അറിയിച്ചു. ഒമാനിൽ സർക്കാർ തലത്തിൽ രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. ഇതിെൻറ ഫലം വരാൻ ദിവസങ്ങളെടുക്കും. സ്വകാര്യ മേഖലയിൽ പരിശോധന നടത്തുന്നത് പണചെലവുള്ള കാര്യവുമാണ്.
പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിതെന്നും ഇത് പ്രായോഗികമല്ലെന്നും എത്രയും പെെട്ടന്ന് പിൻവലിക്കണമെന്നും മസ്കത്ത് കെ.എം.സി.സി പ്രസിഡൻറ് റഇൗസ് അഹമ്മദ് പ്രതികരിച്ചു. നിയമം നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടുണ്ട്. ചാർേട്ടഡ് വിമാന ഒാപറേഷൻ തന്നെ വലിയ റിസ്ക് ആണ്. നിലവിൽ നാല് സർവീസുകൾ തങ്ങൾ നടത്തിയിട്ടുണ്ട്. ഏറെ പ്രയാസങ്ങൾ അനുഭവിച്ചും സർവിസ് നടത്തുന്നത് വിഷമം അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രം മുൻ നിർത്തിയാണ്. കോവിഡ് പരിശോധന നടത്തിയ ശേഷവും വിമാനയാത്രയിൽ രോഗം വരാൻ സാധ്യതയുണ്ട്. അതിനാൽ ടെസ്റ്റ് ആവശ്യമാണെങ്കിൽ നാട്ടിൽ നടത്താൻ സൗകര്യമൊരുക്കണം. ഒമാനിൽ പരിശോധനാ ഫലം വരാൻ ദിവസങ്ങളെടുക്കും. അതിനാൽ ടെസ്റ്റ് റിസൾട്ട് വെച്ച് ടിക്കറ്റ് റിസർേവഷൻ നടത്തുകയെന്നത് അപ്രായോഗികമാണ്. അതിനാൽ സർവിസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമം അപലപനീയമാണെന്നും എത്രയും പെെട്ടന്ന് പിൻവലിക്കണമെന്നും പ്രവാസി വെൽഫയർ ഫോറം പ്രസിഡൻറ് മുനീർ പ്രതികരിച്ചു. പ്രവാസികൾ നാട്ടിൽ തിരിച്ച് വരരുത് എന്ന രീതിയിലുള്ള നിലപാടുകൾ പ്രവാസികളുടെ മാനസിക പിരിമുറുക്കം വർധിപ്പിക്കും. അതിനാൽ പ്രവാസി സംഘടനകളും നാട്ടിലുള്ളവരും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കോവിഡ് പരിശോധനക്ക് 60 മുതൽ 70 റിയാൽ വരെ ചെലവ് വരും. യാത്രക്ക് 48 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തുകയെന്നത് ഒമാനിൽ പ്രയോഗികമല്ല. നിലവിലെ അവസ്ഥയിൽ ബുക് ചെയ്ത സർവീസുകൾ നിർത്തേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാറിെൻറ വഞ്ചനാപരമായ നിലപാടാണിതെന്ന് ഒ.െഎ.സി.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പ്രതികരിച്ചു.
പ്രവാസികളുടെ മടക്ക വിഷയത്തിൽ കേരള-കേന്ദ്ര സർക്കാറുകൾ തുടക്കം മുതലേ ആശയ കുഴപ്പം സൃഷ്ടിക്കുകയാണ്. പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും എന്നാൽ വിവിധ ഘട്ടങ്ങളിൽ പ്രവാസികളെ ആശങ്കയിലാക്കുകയും ചെയ്യുന്ന നിലപാടുമാണ് കേരളം സ്വീകരിക്കുന്നത്. ഇതിെൻറ അവസാനത്തെ ഉദാഹരണമാണിത്. ഗർഭിണികളെയും രോഗികളും ജോലി നഷ്ടപ്പെട്ടവരുമായവരെയുമൊക്കെ ചാർേട്ടഡ് വിമാനങ്ങളൊരുക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവെയാണ് ആശങ്കയുയർത്തുന്ന പുതിയ നടപടി ഉണ്ടായിരിക്കുന്നത്. ഒമാനിൽ ഇൗ പരിശോധന ഏറെ ചെലവേറിയതാണന്നും അദ്ദേഹം പറഞ്ഞു. ജോലിയും മറ്റും നഷ്ടെപ്പട്ട് പ്രയാസത്തിൽ കഴിയുന്നവർക്ക് ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. പ്രവാസികൾ തിരിച്ചെത്തരുതെന്ന നിലപാടിെൻറ ഭാഗമായ പുതിയ നടപടിക്കെതിരെ പ്രവാസി സംഘടനകൾ കക്ഷി രാഷ്ട്രീയം മറന്ന് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.