ലുലുവിന്‍റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് അല്‍ അന്‍സബില്‍ പ്രവർത്തനം തുടങ്ങി

മസ്‌കത്ത്: ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് അല്‍ അന്‍സബില്‍ പ്രവർത്തനം തുടങ്ങി. ഒമാനിലെ മുപ്പതാമത്തെ ലുലു സ്റ്റോര്‍ ആണിത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ്​ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ അബ്ദുല്ല അല്‍ റവാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്​, റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ബ്രിഗേഡിയര്‍ ജമാല്‍ സഈദ് അല്‍ തഅ്‌യി എന്നിവര്‍ സംബന്ധിച്ചു.


ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന വിശാല ഷോപ്പിങ് കേന്ദ്രമാണ് അല്‍ അന്‍സബ് ലുലു. ആരോഗ്യകരവും പഥ്യാധിഷ്ഠിതവുമായ ഭക്ഷണം, ഫ്രീ ഫ്രം ഫുഡ്‌സ്, പെറ്റ് ഫുഡ്‌സ്, സീ ഫുഡ് എന്നിവയുമുണ്ട്. ഫ്രഷ് പഴം-പച്ചക്കറി, ജ്യൂസ്, ബ്രഡ്, കേക്കുകള്‍, ഫാഷന്‍, സൗന്ദര്യവര്‍ധക ഉൽപന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ഗൃഹോപകരണങ്ങള്‍, സ്‌പോര്‍ട്‌സ്, ലഗേജ്, സ്‌റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിട്ടുണ്ട്.

ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, എ.ടി.എമ്മുകള്‍, കോഫി ഷോപ്പുകള്‍, റസ്റ്ററന്റുകള്‍, ഫിറ്റ്‌നസ് സെന്റര്‍, ഫാര്‍മസി, പെര്‍ഫ്യൂം, ഫുന്റാസ്‌മോ ചില്‍ഡ്രൻസ് അമ്യൂസ്‌മെന്റ് സെന്റര്‍, ഒപ്ടിക്കല്‍ സെന്റര്‍ എന്നിവയും പുതിയ ഹൈപര്‍ മാര്‍ക്കറ്റിലുണ്ട്​.


നിക്ഷേപകര്‍ക്ക് ആകര്‍ഷണീയ കേന്ദ്രമെന്ന നിലക്കുള്ള ഒമാന്റെ അര്‍പ്പണവും രാജ്യത്തിന്റെ അനുകൂല വ്യാപാര അന്തരീക്ഷവും ശൈഖ് ഫൈസല്‍ ഊന്നിപ്പറഞ്ഞു. ലുലു പോലുള്ള വമ്പന്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതും സ്വാഗതം ചെയ്യുന്നതുമാണ് സര്‍ക്കാര്‍ നയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍ ഗുര്‍ഫ മാഗസിന്റെ പുതിയ പതിപ്പ് യൂസുഫലിക്ക് അദ്ദേഹം സമ്മാനിച്ചു. ഈ അഭിമാനാര്‍ഹ പദ്ധതി കൈകാര്യം ചെയ്യാന്‍ തങ്ങളെ വിശ്വസിച്ച റോയല്‍ ഒമാന്‍ പൊലീസിനും ഒമാന്‍ സര്‍ക്കാറിനും നന്ദി അറിയിക്കുകയാണെന്ന്​ യൂസുഫലി പറഞ്ഞു. ലോകോത്തര ഷോപ്പിങ് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഒമാനിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ 3,000ത്തിലേറെ സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പകുതിയും സ്ത്രീകളാണ്. മറ്റ് 300 പൗരന്മാര്‍ക്ക് പാര്‍ട് ടൈം തൊഴില്‍ നല്‍കി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് പുതിയ ഹൈപര്‍മാര്‍ക്കറ്റുകള്‍ രാജ്യത്ത് തുറക്കും. കൂടുതല്‍ യുവജനങ്ങള്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്​ഘാടന ചടങ്ങിൽ ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അശ്‌റഫ് അലി, ലുലു ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, ലുലു ഒമാന്‍ റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Lulu's new hypermarket has started operations in Al Ansab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.